ഇറാൻ യുദ്ധത്തിലെ അമേരിക്കയുടെ മുൻഗണന എണ്ണവില കുറയ്ക്കൽ; ആണവഭീഷണി രണ്ടാമതെന്ന് ജെ.ഡി. വാൻസ്

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയുടെ പ്രധാന ലക്ഷ്യം രാജ്യത്തെ എണ്ണ, പെട്രോൾ വില കുറയ്ക്കുകയാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് രണ്ടാമത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ ജനങ്ങൾക്ക് എണ്ണയും പെട്രോളും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വാൻസ് പറഞ്ഞു. ഇറാന്റെ ആണവശേഷി നിയന്ത്രിക്കുന്നതും പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരുന്നതും എണ്ണ-വാതക വില സ്ഥിരത ഉറപ്പാക്കുന്നതും അമേരിക്കയുടെ ഊർജതാൽപര്യങ്ങൾക്ക് നിർണായകമാണ്. ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാനുമായി ധാരണയിലെത്താൻ നയതന്ത്ര, സാമ്പത്തിക, സൈനിക മാർഗങ്ങൾ ഉൾപ്പെടെ വിവിധ ഉപാധികൾ അമേരിക്കയ്ക്കുണ്ടെന്നും വാൻസ് പറഞ്ഞു.

അതേസമയം, ഇറാനെതിരായ അമേരിക്കൻ നിലപാട് സാമ്പത്തിക സമ്മർദത്തിലേക്ക് കൂടുതൽ മാറുന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. ട്രംപ് ഭരണകൂടം ഉപരോധവും സാമ്പത്തിക സമ്മർദവും ശക്തമാക്കുന്നതിനൊപ്പം ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉപയോഗിച്ച് ഇറാനുമേൽ സമ്മർദം ചെലുത്താനുള്ള നീക്കത്തിലാണ്.

എന്നാൽ എണ്ണവില കുറയ്ക്കുക എന്ന ലക്ഷ്യം മുന്നിലെത്തിയതോടെ ഇറാന്റെ ആണവപദ്ധതി തടയുക എന്നതായിരുന്നു സംഘർഷത്തിന്റെ പ്രധാന പ്രഖ്യാപിത ലക്ഷ്യമെന്ന മുൻ നിലപാടിൽ മാറ്റമുണ്ടായോ എന്ന ചർച്ചയും ശക്തമായിട്ടുണ്ട്. വാൻസിന്റെ പുതിയ പ്രസ്താവനയിൽ നിന്ന് അമേരിക്കയുടെ തന്ത്രപരമായ മുൻഗണനകളിൽ ഊർജവിലയ്ക്കും ആഭ്യന്തര സാമ്പത്തിക താൽപര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നതായി വ്യക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *