കളമശ്ശേരി: സ്പായിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി പൊലീസ് പിടിയിലായി. തൃശൂർ മൂത്രത്തിക്കര സ്വദേശി വി.എസ്. സഞ്ജയ് (20), ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശരണ്യ ശശി (30) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി വയനാട് പുൽപ്പള്ളിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ബുധനാഴ്ച ഉച്ചയോടെ കളമശ്ശേരി സ്റ്റേഷനിലെത്തിച്ച പ്രതികളെ, കൃത്യം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
കേസിലെ മുഖ്യപ്രതികളായ സ്പാ ഉടമ ആലപ്പുഴ സ്വദേശി ശ്രീരാജ് (30), തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിനാസ്പദമായ സ്പാ നേരത്തെ തന്നെ പൊലീസ് പൂട്ടിമുദ്രവെച്ചിരുന്നു.

