വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് ‘സന്തോഷത്തോടെ പഠിക്കാം’; സംസ്ഥാനവ്യാപക കാമ്പയിനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി ആരോഗ്യവകുപ്പ് സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. ‘സന്തോഷത്തോടെ പഠിക്കാം’ എന്ന പേരിലുള്ള കാമ്പയിൻ ഒക്ടോബർ 12 മുതൽ 17 വരെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പഠനസമ്മർദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളെ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിങ്ങും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കുന്നതിനാണ് കാമ്പയിനിൽ മുൻഗണന നൽകുന്നത്.

വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ, കൗൺസലിങ് സെഷനുകൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കിനെക്കുറിച്ചും ബോധവത്കരണം നടത്തും.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനും അവരെ ലഹരിയിൽനിന്ന് അകറ്റിനിർത്തുന്നതിനും പ്രത്യേക പരിപാടികളുണ്ടാകും. തെറ്റായ കൂട്ടുകെട്ടുകളിലേക്കും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിലേക്കും കുട്ടികൾ എത്തിപ്പെടുന്നത് തടയുന്നതിനായി ആവശ്യമായ മാർഗനിർദേശവും കൗൺസലിങ് പിന്തുണയും നൽകും.

ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, കൗൺസിലർമാർ എന്നിവരുടെ സേവനം കാമ്പയിനായി പ്രയോജനപ്പെടുത്തും. സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആരോഗ്യ സംവിധാനങ്ങൾ എന്നിവയുടെ ഏകോപനത്തിലായിരിക്കും പ്രവർത്തനങ്ങൾ.

ഭിന്നശേഷി വിദ്യാർഥികളുടെ പ്രത്യേക മാനസികാരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് അനുയോജ്യമായ പിന്തുണയും കൗൺസലിങ്ങും ഉറപ്പാക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും അപമാനബോധവും കുറയ്ക്കുന്നതിനായി വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെ ബോധവത്കരണ സന്ദേശങ്ങളും പ്രചരിപ്പിക്കും.

കാമ്പയിൻ ജില്ലാതലത്തിൽ ഫലപ്രദമായി നടപ്പാക്കി സംസ്ഥാനതലത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *