ദേശീയപാത വികസനം: ഗഡ്കരിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ നേരിടുന്ന കാലതാമസം പരിഹരിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി. ദേശീയപാത 66 വികസനം വേഗത്തിലാക്കാൻ അടിയന്തര ഇടപെടലുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട്–പാലക്കാട് ദേശീയപാത 966 പദ്ധതിയുടെ തുടർപ്രവൃത്തികൾക്ക് മൂന്നുമാസത്തിനകം അംഗീകാരം നൽകുമെന്ന ഉറപ്പും ലഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനം പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ആവശ്യമായ അനുമതി ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിവിധ ദേശീയപാത പദ്ധതികൾക്കു പുറമേ ശബരിമല റോപ്പ് വേ പദ്ധതിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കുന്നതിനും ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ ലഭ്യമാക്കുന്നതിനുമുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

സംസ്ഥാനത്തെ റോഡ്-ഗതാഗത അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. വിവിധ പദ്ധതികളിലെ തടസ്സങ്ങൾ പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *