ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാത്തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചകൾക്കും തടയിടാൻ ലക്ഷ്യമിട്ടുള്ള ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ലോക്സഭ പാസാക്കി. അടിയന്തര പ്രാധാന്യമുള്ള ഈ നിയമനിർമ്മാണം ദീർഘിച്ച ചർച്ചകൾക്ക് ശേഷം വിഭജന വോട്ടെടുപ്പോടെയാണ് സഭ കടന്നത്. സമീപകാല നീറ്റ് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി കടുത്ത മുദ്രാവാക്യം വിളികളോടെ ബഹളം വച്ചു.
ചോദ്യപേപ്പർ ചോർച്ചയും സംഘടിത തട്ടിപ്പുകളും തടയാൻ രൂപീകരിച്ച 2024-ലെ കേന്ദ്ര നിയമത്തിൽ അതിശക്തമായ തടവുശിക്ഷയും പിഴ വ്യവസ്ഥകളും ഉൾപ്പെടുത്തി കൂടുതൽ കാർക്കശ്യമുള്ള ഭേദഗതിക ളോടെയാണ് പുതിയ ബിൽ കേന്ദ്ര പെൻഷൻ, വ്യക്തികാര്യ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സഭയിൽ അവതരിപ്പിച്ചത്. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവി സംരക്ഷിക്കാൻ ചരിത്രപരമായ നടപടിയാണിതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കുറ്റവാളികൾക്ക് പരമാവധി പത്ത് വർഷം വരെ കഠിനതടവും 50 ലക്ഷം രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് പ്രധാന ഭേദഗതികൾ. തട്ടിപ്പുകളിൽ ഏർപ്പെടുന്ന സ്വകാര്യ പരീക്ഷാ ഏജൻസികൾ ക്കുള്ള പിഴത്തുക അഞ്ച് കോടി രൂപയായി ഉയർത്തുകയും ഇത്തരം സ്ഥാപനങ്ങളെ പൊതുപരീക്ഷകളിൽ നിന്ന് വിലക്കുന്ന കാലാവധി എട്ട് വർഷമായി ദീർഘിപ്പിക്കുകയും ചെയ്തു. സംഘടിത കുറ്റകൃത്യമായി തട്ടിപ്പ് തെളിഞ്ഞാൽ ചുരുങ്ങിയത് ഏഴ് വർഷ തടവും 10 കോടി രൂപ വരെ പിഴയും ചുമത്തും. കുറ്റാരോപിതരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. വിവരങ്ങൾ രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിനംപ്രതിയുള്ള വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നും ബില്ലിൽ വ്യക്തമാ ക്കുന്നു. യുവാക്കളുടെ ഭാവി കാത്തുസൂക്ഷിക്കാൻ നിയമം അത്യന്താപേക്ഷിതമാണെന്ന് സ്പീക്കർ ഓം ബിർളയും കേന്ദ്രമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കിയതോടെ ഭൂരിപക്ഷത്തോടെ ബിൽ സഭ പാസാക്കുകയായിരുന്നു.

