മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ പൂർണ്ണ ക്ലീൻ ചിറ്റ്; വിചാരണക്കോടതി നടപടികൾ റദ്ദാക്കി

ന്യൂഡൽഹി: കൽക്കരി പാടം വിതരണ വിവാദവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ പ്രതിചേർത്ത് സമൻസ് അയച്ച വിചാരണക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി പൂർണ്ണമായും റദ്ദാക്കി. കേസിൽ സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുകൾ നിരസിച്ച് 2015-ൽ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

മുൻ പ്രധാനമന്ത്രിക്ക് എതിരായി ഒരു കുറ്റകൃത്യവും തെളിയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന സി.ബി.ഐയുടെ രണ്ട് അന്വേഷണ റിപ്പോർട്ടുകളും അംഗീകരിച്ച പരമോന്നത കോടതി അദ്ദേഹത്തിനെ തിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചു. 2024 ഡിസംബറിൽ മൻമോഹൻ സിംഗ് അന്തരിച്ചതിനാൽ സാങ്കേതികമായി ഹർജി നിഷ്ഫലമായി തീരാമായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ വ്യക്തിവിശുദ്ധിക്കും അന്തസ്സിനും മേൽ വിചാരണക്കോടതി നടത്തിയ പരാമർശങ്ങളും സമൻസും നീക്കം ചെയ്യുന്നത് നീതിനിർവ്വഹ ണത്തിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ചത്.

2005-ൽ ഒഡീഷയിലെ തലാബിര-2 കൽക്കരി പാടം ഹിൻഡാൽകോ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട തീരുമാനമാണ് കേസിന് ആസ്പദം. അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് തന്നെയാണ് കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ സി.ബി.ഐ നടത്തിയ വിശദമായ അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന കണ്ടെത്താത്തതിനെ തുടർന്ന് കേസ് അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

പ്രത്യേക സി.ബി.ഐ ജഡ്ജ് ഭാരത് പരാശർ ഈ റിപ്പോർട്ട് തള്ളിക്കളയുകയും, മൻമോഹൻ സിംഗ്, വ്യവസായി കുമാർ മംഗളം ബിർള, കൽക്കരി സെക്രട്ടറി പി. സി. പരീഖ് എന്നിവരുൾപ്പെടെയുള്ളവർക്ക് പ്രതിയായി ഹാജരാകാൻ സമൻസ് അയക്കുകയുമായിരുന്നു. തുടർന്ന് മൻമോഹൻ സിംഗ് സുപ്രീം കോടതിയെ സമീപിക്കുകയും 2015 ഏപ്രിലിൽ വിചാരണക്കോടതി ഉത്തരവ് സുപ്രീം കോടതി തടയുകയും ചെയ്തു. അന്വേഷണ ഏജൻസി സമർപ്പിക്കുന്ന റിപ്പോർട്ടുകൾ നിരസിക്കാൻ വ്യക്തമായ വസ്തുതകൾ ആവശ്യമാ ണെന്നും, ഈ കേസിൽ വിചാരണക്കോടതി അതിരുകടന്ന നിലപാടാണ് സ്വീകരിച്ചതെന്നും നിരീക്ഷിച്ചാണ് സുപ്രീം കോടതി മൻമോഹൻ സിംഗിന്റെ നിരപരാധിത്വം ശരിവെച്ച് കേസ് അവസാനിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *