യൂട്യൂബ് വീഡിയോകൾക്ക് പിന്നാലെ യൂട്യൂബർ ദമ്പതികളുടെ വീട്ടിൽ വൻ കവർച്ച

നാഗർകോവിൽ: സമൂഹമാധ്യമങ്ങളിലൂടെ സ്വർണാഭരണങ്ങളും പണവും പ്രദർശിപ്പിച്ചിരുന്ന യൂട്യൂബർ ദമ്പതികളുടെ വീട്ടിൽ വൻ കവർച്ച. നാഗർകോവിലിന് സമീപം തമ്മാട്ടുകോണം വി.ഐ.പി ഗാർഡനിൽ താമസിക്കുന്ന മധുമിതയും ഭർത്താവ് വിനോദ് കുമാറും താമസിക്കുന്ന വീട്ടിൽ നിന്നാണ് 118 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ദമ്പതികൾ പുറത്തുപോയിരുന്നു. രാത്രി 11.50ഓടെ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ തുറക്കാനായില്ല. തുടർന്ന് പണിക്കാരനെ എത്തിച്ച് പരിശോധിച്ചപ്പോഴാണ് മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലും പിൻവാതിൽ തകർത്ത നിലയിലും കണ്ടെത്തിയത്. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായത്.

കോയമ്പത്തൂർ സ്വദേശിനിയായ മധുമിതയും ശിവകാശി സ്വദേശിയായ വ്യവസായി വിനോദ് കുമാറും പത്ത് മാസം മുമ്പാണ് ഇവിടെ വീട് വാങ്ങി താമസം തുടങ്ങിയത്. ലൈഫ്‌സ്റ്റൈൽ വീഡിയോകളും റീലുകളും ഉൾപ്പെടെ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സ്വർണാഭരണങ്ങളും പണവും പ്രദർശിപ്പിച്ചുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണോ മോഷണം നടന്നതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.

സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ ആറ് പ്രത്യേക പോലീസ് സംഘങ്ങൾ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ദമ്പതികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *