തൊണ്ണൂറുകളിലെ കുട്ടികളുടെ ഓണക്കാല ഓർമ്മകളിൽ മായാതെ നിൽക്കുന്ന ഒന്നാണ് ഇന്നസെന്റിന്റെ ശബ്ദത്തിൽ എത്തുന്ന മാവേലിയും ജഗതി ശ്രീകുമാറിന്റെ സ്വരത്തിലുള്ള ഡ്യൂപ്പും ചേർന്ന് തീർത്തിരുന്ന സമകാലിക ആക്ഷേപഹാസ്യ വിരുന്ന്. ഇത്തവണത്തെ ഉത്രാട ദിനത്തിൽ ആ ഗൃഹാതുരതയെ വീണ്ടും ശ്രോതാക്കളിലേക്ക് തിരികെ എത്തിക്കുകയാണ് ആകാശവാണി റെയിൻബോ എഫ്.എം കൊച്ചി 107.5 ലെ ‘ചിരിക്കട’ എന്ന ജനപ്രിയ പരിപാടിയിലൂടെ അവതാരകരായ കണ്ണനുണ്ണിയും രാജൻ സോമസുന്ദരവും.
‘ഓണം തൂക്കി മാവേലി’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിപാടി ഉത്രാട ദിനത്തിൽ രാത്രി എട്ട് മണിക്ക് പ്രക്ഷേപണം ചെയ്യും. സമകാലിക വിഷയങ്ങളെ മുൻനിർത്തി ഒരുക്കുന്ന ഈ ആക്ഷേപഹാസ്യത്തിൽ, കേരളത്തിലെ മഴക്കെടുതികൾക്കിടയിലേക്ക് മാവേലി വിരുന്നെത്തുന്നത് മുതൽ ജെൻ-സി (Gen Z) സംസാരശൈലി, നവമാധ്യമപ്രവർത്തനം, പൂക്കി ചിരി, ബൈക്ക് ടാക്സി, കെ.എസ്.ആർ.ടി.സി ബസ് യാത്ര തുടങ്ങിയ ഒട്ടേറെ സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് ഇരുവരും ശ്രോതാക്കളിലെത്തിക്കും.
കഴിഞ്ഞ 14 വർഷമായി റെയിൻബോ എഫ്.എമ്മിലെ സജീവ സാന്നിധ്യവും അവതാരകരുമാണ് കണ്ണനുണ്ണിയും രാജൻ സോമസുന്ദരവും. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ അംഗവും ആലപ്പുഴ വളവനാട് സ്വദേശിയുമായ കണ്ണനുണ്ണി ബാലസാഹിത്യകാരൻ കൂടിയാണ്; കൂടാതെ കേരളത്തിലെ ആദ്യത്തെ ആക്കാപെല്ല (A cappella) രൂപത്തിലുള്ള ഭക്തിഗാനം ചിട്ടപ്പെടുത്തിയതും ഇദ്ദേഹമാണ്. എറണാകുളം കാലടി സ്വദേശിയായ രാജൻ സോമസുന്ദരം മികച്ചൊരു വീഡിയോ എഡിറ്ററും ‘രാജേട്ടൻ കാർട്ടൂൺസ്’ എന്ന പേജിലൂടെ കാർട്ടൂൺ ലോകത്ത് ശ്രദ്ധേയനുമാണ്.
മലയാളിയെ കുടുകുടെ ചിരിപ്പിച്ച ‘ദേ മാവേലി കൊമ്പത്ത്’, ‘ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം’ തുടങ്ങിയ മാവേലി കസെറ്റുകൾ സമ്മാനിച്ച എല്ലാ കലാകാരന്മാർക്കും അത് ഹൃദയത്തിലേറ്റിയ പ്രിയ പ്രേക്ഷകർക്കുമായി ഈ ഓണക്കാല വിരുന്ന് സമർപ്പിക്കുന്നതായി കണ്ണനുണ്ണിയും രാജനും വ്യക്തമാക്കി.

