മരണപ്പാച്ചിലിന് കടിഞ്ഞാണിടാൻ മോട്ടോർ വാഹനവകുപ്പ്; കൊച്ചിയിലെ സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കുന്നു

കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ മത്സരയോട്ടത്തിനും സമയത്തിന്റെ പേരിലുള്ള തർക്കങ്ങൾക്കും അറുതി വരുത്താൻ നിർണ്ണായക നീക്കവുമായി മോട്ടോർ വാഹനവകുപ്പ് (എം.വി.ഡി). നഗരത്തിലെ സ്വകാര്യ ബസുകളുടെ സമയക്രമം (ടൈം ടേബിൾ) പൂർണ്ണമായും ശാസ്ത്രീയമായി പരിഷ്കരിക്കാനാണ് വകുപ്പിന്റെ തീരുമാനം.

റോഡിലെ ഗതാഗതക്കുരുക്കും തിരക്കുള്ള സമയങ്ങളും (പീക്ക് അവേഴ്‌സ്) കൃത്യമായി പരിഗണിച്ച് ബസുകളുടെ റണ്ണിങ് ടൈം (യാത്രാസമയം) പുനഃക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള അശാസ്ത്രീയമായ സമയക്രമം കാരണം കൃത്യസമയത്ത് ഓടിയെത്താൻ ബസുകൾ അമിതവേഗതയിൽ പായുന്നതും മത്സരയോട്ടം നടത്തുന്നതും നിത്യസംഭവമായിരുന്നു.

ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾക്കും പൊതുജനങ്ങളുടെ വ്യാപക പരാതികൾക്കും പിന്നാലെ കൊച്ചിയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പ്രത്യേക പരിശോധനകളിൽ നൂറുകണക്കിന് നിയമലംഘനങ്ങൾ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടാൻ സ്ഥിരം പരിഹാരമെന്ന നിലയിൽ സമയക്രമം മാറ്റിയെഴുതാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ റണ്ണിങ് ടൈം അനുവദിക്കുന്നതോടെ അപകടങ്ങളും യാത്രക്കാരുടെ ദുരിതവും വലിയൊരളവിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *