വ്യാജവാർത്ത നൽകി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയ കേസ്; ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി അധികൃതരെ വ്യാജവാർത്ത നൽകി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ പണം കൈപ്പറ്റുന്ന നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിക്കെതിരെ ഓൺലൈൻ മാധ്യമത്തിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ച ശേഷം, അത് പിൻവലിക്കുന്നതിനായി ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായത്.

ആനയറ സബൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ. സബൈൻ ശിവദാസിന്റെ പരാതിയിൽ പേട്ട പോലീസാണ് കഠിനംകുളം സ്വദേശിയായ സുഹൈൽ ഷാജഹാനെ കഴിഞ്ഞ ദിവസം കൈയോടെ പിടികൂടിയത്. സുഹൈൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആശുപത്രിയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിൽ വ്യാജവാർത്ത നൽകിയ ശേഷം, വാർത്ത പിൻവലിക്കാൻ 10 ലക്ഷം രൂപ നൽകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. പണം നൽകിയില്ലെങ്കിൽ കൂടുതൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ആശുപത്രിയുടെ പ്രവർത്തനം തകർക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് ആശുപത്രി അധികൃതർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യമായി പരാതി നൽകുകയായിരുന്നു. പോലീസ് ഒരുക്കിയ കെണിയിലാണ് പ്രതി പണം കൈപ്പറ്റുന്നതിനിടെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *