മോസ്കോ: സൈബീരിയയിലെ പ്ലേഗ് ഗവേഷണകേന്ദ്രത്തിലെ 28കാരിയായ ലാബ് ജീവനക്കാരി ദുരൂഹമായ ന്യൂമോണിയ ബാധിച്ച് മരിച്ചതിനെ തുടർന്ന് റഷ്യയിൽ ആരോഗ്യ ജാഗ്രത ശക്തമാക്കി. ഇറ്കുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ദാര്യ ഷിപിലോവയാണ് ഒക്ടോബർ രണ്ടിന് ഷെലെഖോവ് ആശുപത്രിയിൽ മരിച്ചത്. രോഗത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റഷ്യൻ ആരോഗ്യ അധികൃതർ ഇത് കാരണം വ്യക്തമാകാത്ത ന്യൂമോണിയ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
യുവതി പ്ലേഗ് രോഗകാരിയായ Yersinia pestis ഉൾപ്പെടെയുള്ള രോഗാണുക്കളുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ് ജോലി ചെയ്തിരുന്നതെന്നതിനാൽ സംഭവത്തെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. ലാബിൽ പ്ലേഗ് ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടർന്ന് രോഗബാധയുണ്ടായെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഗവേഷണകേന്ദ്രത്തിൽ രോഗകാരികളുമായി ബന്ധപ്പെട്ട അപകടമോ ലാബ് ചോർച്ചയോ നടന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യയുടെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്പോട്രെബ്നാഡ്സോർ അറിയിച്ചു.
മരിച്ച യുവതിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഏകദേശം 200 പേരെ വൈദ്യനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഷെലെഖോവ് ആശുപത്രിയിലെ ചില വിഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സമ്പർക്കപ്പട്ടികയിലുള്ളവരിൽ നടത്തിയ പരിശോധനയിൽ രണ്ട് കോവിഡ് കേസുകളും രണ്ട് റൈനോവൈറസ് കേസുകളും കണ്ടെത്തിയെങ്കിലും മറ്റ് പുതിയ സാംക്രമിക രോഗബാധ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിൽ പുതിയ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
റഷ്യൻ ആരോഗ്യ നിരീക്ഷണ ഏജൻസി മേധാവി അന്ന പൊപ്പോവ ഇറ്കുട്സ്കിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സമ്പർക്കങ്ങളും കണ്ടെത്തി പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ആരോഗ്യ അപകടസാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ.
പ്ലേഗ് രോഗം സൈബീരിയയിൽ സ്വാഭാവികമായി കാണപ്പെടുന്നുണ്ടെങ്കിലും മനുഷ്യരിലെ രോഗബാധ അപൂർവമാണ്. അതേസമയം, യുവതിയുടെ മരണകാരണം പ്ലേഗാണെന്നോ അവളുടെ ജോലിയുമായി ബന്ധപ്പെട്ടാണ് രോഗബാധയുണ്ടായതെന്നോ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

