കരിങ്കടലിൽ ചരക്കുകപ്പലിന് തീപിടിച്ച് രണ്ട് മരണം; 11 പേരെ രക്ഷപ്പെടുത്തി

ബുക്കാറസ്റ്റ്: റൊമാനിയൻ തീരത്തിന് സമീപം കരിങ്കടലിൽ ചരക്കുകപ്പലിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. 11 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി റൊമാനിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് കപ്പൽ പിന്നീട് മുങ്ങി.

റോയാദ് മമ്മദോവ് എന്ന കപ്പലിനാണ് തീപിടിച്ചത്. റൊമാനിയയുടെ സമുദ്രപരിധിക്ക് പുറത്തുള്ള പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. റൊമാനിയൻ തീരത്തെ സെഫാന്റു ഗിയോർഗെയിൽ നിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ തെക്കായാണ് കപ്പൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരിൽ പരിക്കേറ്റവരെയും ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കരയിലെത്തിച്ചു.

സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പതാകയ്ക്ക് കീഴിൽ സഞ്ചരിച്ചിരുന്ന കപ്പൽ ധാന്യവുമായി യുക്രെയ്നിലെ ഇസ്മായിൽ തുറമുഖത്തുനിന്ന് ഇറ്റലിയിലെ റാവെന്നയിലേക്ക് പോകുകയായിരുന്നു. കപ്പലിൽ അസർബൈജാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുണ്ടായിരുന്നു.

തീപിടിത്തത്തിന്റെ കാരണം റൊമാനിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കപ്പലിന് റഷ്യൻ ഡ്രോണുകളുടെ ആക്രമണമുണ്ടായെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആരോപിച്ചത്. രണ്ട് റഷ്യൻ ഡ്രോണുകൾ കപ്പലിനെ ആക്രമിച്ചെന്നും കപ്പൽ നിഷ്പക്ഷ ജലത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റൊമാനിയൻ അധികൃതർ ആക്രമണകാരണം സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല.

കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരിൽ ഒരാൾക്ക് പരിക്കേറ്റതായും റൊമാനിയയിൽ ചികിത്സയിൽ കഴിയുന്നതായും എംബസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *