പമ്പ: ശബരിമല തീർത്ഥാടനത്തിനെത്തിയ 168 കുഞ്ഞുങ്ങൾക്ക് ആരോഗ്യവകുപ്പ് പമ്പയിൽ സജ്ജീകരിച്ച പൾസ് പോളിയോ ബൂത്തിൽ നിന്ന് ഞായറാഴ്ച തുള്ളിമരുന്ന് നൽകി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 100 കുട്ടികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 68 കുട്ടികൾക്കുമാണ് പോളിയോ തുള്ളിമരുന്ന് നൽകിയത്.
പമ്പയിലെ പൾസ് പോളിയോ ബൂത്തിന്റെ ഉദ്ഘാടനം ശബരിമല എ.ഡി.എം ദിലീപ് കെ കൈനിക്കര നിർവഹിച്ചു. ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് പോളിയോ പ്രതിരോധം ഉറപ്പാക്കുന്നതിനും രോഗപ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീർത്ഥാടന കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാക്കുന്നതിനുമാണ് പമ്പയിൽ പ്രത്യേക പൾസ് പോളിയോ ബൂത്ത് സജ്ജീകരിച്ചത്. ‘സ്വാസ്ഥ്യം ശരണം, ആരോഗ്യത്തോടെ ശരണയാത്ര’ എന്ന പേരിലാണ് ശബരിമലയിൽ ആരോഗ്യവകുപ്പ് ഇക്കുറി ബോധവൽക്കരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഉദ്ഘാടന ചടങ്ങിൽ പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ നിയാസ്, അഡീഷണൽ സ്പെഷ്യൽ ഓഫീസർ ഡോ. നന്ദഗോപൻ, വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ മനു സത്യൻ, ജില്ലാ ശബരിമല നോഡൽ ഓഫീസർ (ആരോഗ്യം) കെ. കെ ശ്യാംകുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. സജിൻ, ഡോ. ജിജോ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

