തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെ വിമർശിച്ചു. മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട മര്യാദയും ധാർമികതയും നിലനിർത്തിയില്ലെന്നും തീരുമാനങ്ങളെല്ലാം താനാണ് എടുക്കുന്നതെന്ന സമീപനം മുന്നണിക്ക് ഗുണകരമല്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ നിലപാട് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും സത്യൻ മൊകേരിയുടെ ലേഖനത്തിൽ വിമർശനമുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് തർക്കം ഉയർന്നത്. നിലവിൽ ഈ പദവി സിപിഎമ്മാണ് കൈകാര്യം ചെയ്യുന്നത്.
അതേസമയം, സിപിഐയുടെ വിമർശനത്തിന് മുൻ മന്ത്രി വി. ശിവൻകുട്ടി മറുപടി നൽകി. മുന്നണിയെ ശക്തിപ്പെടുത്താൻ താൽപര്യമില്ലാത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നതെന്നും രാഷ്ട്രീയ മര്യാദ ലംഘിച്ചത് സിപിഐ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. സത്യൻ മൊകേരിയുടെ ലേഖനം ജനയുഗത്തിൽ പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണെന്നും ശിവൻകുട്ടി പറഞ്ഞു.
മുന്നണിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പത്രങ്ങളിലൂടെ ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പിഎം-ശ്രീ വിഷയത്തിലും സമാനമായ സാഹചര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാട് ജനാധിപത്യപരമാണെന്നും നിലവിലെ സാഹചര്യത്തിൽ പദവി മാറ്റേണ്ട ആവശ്യമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം പരസ്യ വിമർശനങ്ങളിലേക്ക് നീങ്ങിയതോടെ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത വീണ്ടും രാഷ്ട്രീയ ചർച്ചയാവുകയാണ്.

