ന്യൂഡൽഹി: ഹോക്കി ലോകകപ്പിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ഗോൾകീപ്പറും ഒളിംപിക് മെഡൽ ജേതാവുമായ പി.ആർ. ശ്രീജേഷ്. ലോകകപ്പിനെ ‘പഠിക്കാനുള്ള അനുഭവം’ എന്ന നിലയിൽ മാത്രം കാണരുതെന്നും ടീമിന്റെ പ്രകടനത്തിൽ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുരുഷ ടീം അർജന്റീനയോട് 3–5ന് തോറ്റതോടെയാണ് സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചത്. വനിതാ ടീമും ഓസ്ട്രേലിയക്കെതിരായ നിർണായക മത്സരം ഗോൾരഹിത സമനിലയിൽ അവസാനിപ്പിച്ചതോടെ സെമിഫൈനൽ കാണാതെ പുറത്തായി. ഇരുടീമുകളുടെയും പ്രകടനത്തിൽ ശ്രീജേഷ് നിരാശ പ്രകടിപ്പിച്ചു.
നല്ല ഹോക്കി കളിക്കുന്ന ടീമിനെയാണോ, അതോ ലോകത്തിലെ മികച്ച ടീമുകളെ തോൽപ്പിക്കാൻ ശേഷിയുള്ള ടീമിനെയാണോ ഇന്ത്യ ഒരുക്കുന്നതെന്ന് ശ്രീജേഷ് ചോദിച്ചു. ‘പഠനാനുഭവം’, ‘നല്ല പ്രകടനം’ തുടങ്ങിയ വാദങ്ങൾക്ക് പിന്നിൽ ഒളിക്കാതെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് പരീക്ഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം ലോകകപ്പിലെ പോരായ്മകൾ മറയ്ക്കാനുള്ള കാരണമാകരുതെന്നും ശ്രീജേഷ് അഭിപ്രായപ്പെട്ടു. ലോകകപ്പിലെ പ്രകടനം വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ ഇപ്പോൾ തന്നെ നടത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വനിതാ ടീമിന്റെ പരിശീലന സംവിധാനത്തെയും ശ്രീജേഷ് ചോദ്യം ചെയ്തു. ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഘട്ടത്തിൽ മുഖ്യ പരിശീലകൻ ക്യാംപിൽനിന്ന് വിട്ടുനിന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരത്തിലുള്ള സാഹചര്യങ്ങളിലും ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുകയെന്ന് ചോദിച്ചു.
ഇന്ത്യൻ ഹോക്കിയുടെ ഭാവി ലക്ഷ്യമിടുമ്പോൾ മികച്ച പ്രകടനം മാത്രമല്ല, ലോകോത്തര ടീമുകൾക്കെതിരെ സ്ഥിരമായി വിജയിക്കാനുള്ള മാനസികാവസ്ഥയും സംവിധാനവും വളർത്തേണ്ടതുണ്ടെന്ന സന്ദേശമാണ് ശ്രീജേഷിന്റെ പ്രതികരണത്തിലൂടെ ഉയരുന്നത്.

