മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമശുശ്രൂഷയ്ക്ക് മുന്‍ഗണന നല്‍കണം: അഡ്വ. സിറിയക് തോമസ് എം.എല്‍.എ

പീരുമേട്: മൃഗങ്ങളുടെ കടിയേറ്റാല്‍ പേവിഷബാധ തടയുന്നതിനായി പ്രഥമശുശ്രൂഷയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന് അഡ്വ. സിറിയക് തോമസ് എം.എല്‍.എ വ്യക്തമാക്കി. പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ആദ്യമായി പീരുമേട് താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കിയ ‘മോഡല്‍ വൂണ്ട് വാഷിംഗ് ഏരിയ’യുടെ ഉദ്ഘാടനവും ജില്ലാതല പേവിഷബാധ പ്രതിരോധ ദിനാചരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ അത്യാധുനിക രീതിയില്‍ ഇത്തരം സൗകര്യം ഒരുക്കിയതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ എം.എല്‍.എ അഭിനന്ദിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, മൃഗസംരക്ഷണ വകുപ്പ്, പീരുമേട് താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് മുഖ്യാതിഥിയായി. ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. വിദ്യ മുഖ്യപ്രഭാഷണവും, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി. ജോസഫ് വിഷയാവതരണവും നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ പി. തോമസ് മോഡല്‍ വൂണ്ട് വാഷിംഗ് ഏരിയ പ്രഖ്യാപനം നിര്‍വഹിച്ചു. പീരുമേട് വെറ്ററിനറി സര്‍ജന്‍ ഡോ. വിജി പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കിടയില്‍ പേവിഷബാധാ പ്രതിരോധത്തെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ബോധവത്കരണ റാലി, മൈക്ക് അനൗണ്‍സ്മെന്റ്, മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചുള്ള വളര്‍ത്തുമൃഗങ്ങളുടെ പ്രതിരോധ വാക്സിനേഷന്‍ ഡ്രൈവ് എന്നിവയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *