ന്യൂഡൽഹി: ദേശീയപാതകളിൽ അപകടത്തിൽപ്പെടുന്നവർക്ക് സമയബന്ധിതമായി അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ആംബുലൻസ് സർവീസുകളുടെ മാനദണ്ഡങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) കർശനമാക്കി. പുതിയ നിർദേശപ്രകാരം, ടോൾ ബൂത്തുകളിൽ നിന്ന് 10 കിലോമീറ്റർ പരിധിക്കുള്ളിൽ അപകടമുണ്ടായാൽ അറിയിപ്പ് ലഭിച്ച് 10 മിനിറ്റിനകം ആംബുലൻസ് സംഭവസ്ഥലത്ത് എത്തിച്ചേരണം. ഇതിൽ വീഴ്ച വരുത്തിയാൽ ഓരോ സംഭവത്തിനും 10,000 രൂപ വീതം പിഴ ഈടാക്കും. അപകടത്തിൽപ്പെട്ടയാളെ നിർണായകമായ ആദ്യ ഒരു മണിക്കൂറിനുള്ളിൽ (‘ഗോൾഡൻ അവർ’) അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിൽ താമസം വരുത്തിയാലും 10,000 രൂപയാണ് പിഴ.
ദേശീയപാതകളിലെ അടിയന്തര സഹായത്തിനായുള്ള 1033 എന്ന ഹെൽപ്പ്ലൈൻ നമ്പർ വഴി വരുന്ന അടിയന്തര സന്ദേശം (ടിക്കറ്റ്) സ്വീകരിക്കാൻ ഒരു മിനിറ്റിലധികം സമയമെടുത്താൽ 5,000 രൂപയും, എമർജൻസി ടിക്കറ്റ് നിരസിച്ചാൽ 10,000 രൂപയും പിഴയൊടുക്കേണ്ടിവരും. കൂടാതെ, ആംബുലൻസുകളിലെ ജി.പി.എസ് സിസ്റ്റം ഓഫാക്കുകയോ ‘NHAI Care / IMS Care’ ആപ്ലിക്കേഷൻ പ്രവർത്തിക്കാതിരിക്കുകയോ ചെയ്താൽ പ്രതിദിനം 2,500 രൂപ വീതം പിഴ ഈടാക്കുന്നതാണ്. പരിശോധനകളിൽ ആവശ്യമായ ജീവനക്കാരുടെ കുറവോ മരുന്നുകളോ ജീവൻരക്ഷാ ഉപകരണങ്ങളോ ഇല്ലെന്ന് കണ്ടെത്തിയാൽ 10,000 രൂപ പിഴ ചുമത്തും. വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനായി ദിവസവും കുറഞ്ഞത് 5 കിലോമീറ്റർ എങ്കിലും ആംബുലൻസ് ഡ്രൈ റൺ (മോക്ക് റൺ) നടത്തണമെന്നും നിർദേശമുണ്ട്.
ദേശീയപാതകളിൽ അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭിക്കാത്തതിനെക്കുറിച്ച് സുപ്രീം കോടതിയുടെ റോഡ് സേഫ്റ്റി കമ്മിറ്റിയും സി.എ.ജി ഓഡിറ്റും ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി. അതോറിറ്റിയുടെ കീഴിലുള്ള ഏകദേശം 3,000 ആംബുലൻസുകൾക്കും മറ്റ് ക്രെയ്ൻ/പട്രോളിംഗ് വാഹനങ്ങൾക്കും പുതിയ നിയമാവലി ബാധക മാണ്. അടിയന്തര ഘട്ടങ്ങളിൽ കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചാൽ റോഡപകട മരണങ്ങളിൽ പകുതിയിലധികവും ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

