പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പ്രവർത്തിക്കുന്ന ‘സിക്സ് സീസൺസ് റിക്കവറി’ എന്ന സ്വകാര്യ ലഹരിവിമുക്തി, മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ മുൻ അന്തേവാസികൾ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. മുൻ ബിൽഡർ ഡാനി കോയിന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. പതിനായിരക്കണക്കിന് ഡോളർ ഫീസായി നൽകിയിട്ടും പ്രതിഫലമായി പ്രതീക്ഷിച്ച പരിചരണമോ ചികിത്സയോ ലഭിച്ചില്ലെന്നും, തങ്ങളുടെ ജീവൻ തന്നെ അപകടത്തിലായെന്നും രോഗികൾ വെളിപ്പെടുത്തി.
നാലാഴ്ചത്തെ താമസത്തിനും ചികിത്സയ്ക്കുമായി 70,000 ഡോളർ (ഏകദേശം 40 ലക്ഷത്തോളം ഇന്ത്യൻ രൂപ) താൻ നൽകിയതായി ലോറൻ എന്ന മുൻ അന്തേവാസി ആരോപിക്കുന്നു. രാത്രികാലങ്ങളിൽ രോഗികൾ യാതൊരു മേൽനോട്ടവുമില്ലാതെ പൂർണ്ണമായും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് ഇവർ പറയുന്നു. ക്ലിനിക്കൽ യോഗ്യതകളൊന്നുമില്ലാത്ത സ്ഥാപനത്തിന്റെ പ്രോഗ്രാം ഡയറക്ടർ ഡാനി കോയിൻ, തനിക്ക് മരുന്നിന്റെ അളവ് നിർദ്ദേശിക്കുകയും ചില മരുന്നുകൾ കഴിക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തതായും ലോറൻ പരാതിപ്പെട്ടു. സൈക്കോളജിസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചതിന് 2024 നവംബറിൽ ഡാനി കോയിനെതിരെ കോടതി നടപടിയെടുത്തിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഡാനി കോയിൻ പ്രതികരിച്ചു. ആവശ്യത്തിന് യോഗ്യതയുള്ള ജീവനക്കാർ കേന്ദ്രത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും, തങ്ങളുടേത് ഒരു സ്വകാര്യ മാനസികാരോഗ്യ റിട്രീറ്റ് മാത്രമാണെന്നും ആശുപത്രിയോ ലൈസൻസുള്ള മെഡിക്കൽ സൗകര്യമോ അല്ലെന്നും അദ്ദേഹം വിശദീകരിച്ചു. 2022-ൽ ആറ് ദശലക്ഷം ഡോളറോളം കടബാധ്യതയുമായി തകർന്ന ന്യൂ സെൻസേഷൻ ഹോംസിന്റെ ഡയറക്ടറായിരുന്നു ഇദ്ദേഹം. ലക്ഷങ്ങൾ ഈടാക്കുന്ന ഇത്തരം സ്വകാര്യ റിട്രീറ്റുകളിൽ കർശന നിയന്ത്രണങ്ങളും നിർബന്ധിത സ്റ്റാഫിംഗ് മാനദണ്ഡങ്ങളും കൃത്യമായ പരിശോധനകളും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

