കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
ഇരച്ചെത്തിയ പ്രളയത്തിൽ നേപ്പാൾ വിറങ്ങലിച്ചു നിൽക്കുകയാണ്. ദുരന്തത്തിൽ ഇതുവരെ 95 പേർ മരണപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായിട്ടുണ്ട്. ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിൽ പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്. പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്റർ റോഡും പൂർണമായി തകർന്നു. ഗതാഗതമാർഗങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം, പ്രളയബാധിത മേഖലയിലുണ്ടായിരുന്ന 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം സുരക്ഷിതരാണെന്ന വിവരം ആശ്വാസമായി. നേപ്പാളിലെ പ്രളയസാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ അയൽസംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബിഹാറിലും സർക്കാരുകൾ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

