ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് വിമർശനങ്ങൾ ശക്തമായതോടെ വിവിധ നടപടിക്രമങ്ങളിൽ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനുള്ള ഫോം 6-ലെ അധിക സത്യപ്രസ്താവനയുടെ ഉപയോഗം പരിമിതപ്പെടുത്തൽ, വോട്ടർ പട്ടികാ സോഫ്റ്റ്വെയർ പരിശോധിക്കാൻ സമിതി രൂപീകരിക്കൽ, രേഖകൾ പരിശോധിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാരെ വീടുകളിലേക്ക് അയയ്ക്കൽ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്.
ഫോം 6-നൊപ്പം അധിക സത്യപ്രസ്താവന നിർബന്ധമാക്കിയതിനെതിരെ കമ്മീഷനുള്ളിൽത്തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു. നടപടിക്ക് നിയമപരമായ ചട്ടഭേദഗതി ആവശ്യമാണെന്ന വിമർശനവും ശക്തമായി. സെപ്റ്റംബർ 26-ന് ചേർന്ന യോഗത്തിനുശേഷം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലും നടപടികൾ ആരംഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലും അധിക സത്യപ്രസ്താവന ഒഴിവാക്കാൻ കമ്മീഷൻ തീരുമാനിച്ചു. എസ്ഐആർ നടക്കുന്ന പ്രദേശങ്ങളിൽ മാത്രമായിരിക്കും ഇത് തുടരുക.
എസ്ഐആർ പരിശോധനയിൽ രേഖകളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയരുന്ന വോട്ടർമാരുടെ രേഖകൾ ശേഖരിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യാനുള്ള ഫോം 7-ന്റെ ദുരുപയോഗം തടയുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇതിനുപുറമേ, വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്ന ഇസിഐനെറ്റ് (ECINet) സംവിധാനത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനും സാങ്കേതിക വിദഗ്ധനും ഉൾപ്പെടുന്ന സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
എസ്ഐആറിന്റെ സുതാര്യതയും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതും സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ വിമർശനം തുടരുകയാണ്. അതേസമയം, നിയമപരമായ ചട്ടങ്ങൾ അനുസരിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

