സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്രാടക്കിഴി കൈമാറി

കോട്ടയം: രാജഭരണകാലത്തെ പാരമ്പര്യം കാത്തുസൂക്ഷിച്ച്, ഉത്രാടദിനത്തിൽ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്തെത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് ആയിരം രൂപ അടങ്ങിയ ഉത്രാടക്കിഴി സ്പീക്കർ സമർപ്പിച്ചത്.

കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ച് നൽകിയിരുന്ന പരമ്പരാഗത സമ്മാനമാണ് ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരി എന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമ്മയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിക്ക് സർക്കാർ തലത്തിൽ കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്ക് കൈമാറിയാണ് ഇത് ലഭ്യമാക്കുന്നത്. മുൻപ് 14 രൂപയായിരുന്ന തുക പിന്നീട് ആയിരം രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു.

ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സൗമ്യവതി തമ്പുരാട്ടിക്ക് ഓണക്കോടി സമ്മാനിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, മുനിസിപ്പൽ കൗൺസിലർ ലീന ജയചന്ദ്രൻ, തഹസീൽദാർ സിറിൽ സഞ്ജു ജോർജ്, ഡെപ്യൂട്ടി തഹസിൽദാർ പി.ജി. കവിത, വില്ലേജ് ഓഫീസർ ജെബോയ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *