നിശാഗന്ധിയിൽ നിറഞ്ഞാടി ശോഭന; ഓണം വാരാഘോഷ വേദിയിൽ വിസ്മയ നൃത്തവിരുന്ന്

തിരുവനന്തപുരം: സരസ്വതീ ദേവീ സ്തുതിയോടെ ആരംഭിച്ച പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ പത്മഭൂഷൺ ശോഭനയുടെ നൃത്താവിഷ്കാരത്തോടെ നിശാഗന്ധിയിലെ അരങ്ങ് ഉണർന്നു. താള, ലാസ്യ, ലയ ഭാവങ്ങളുടെ ചലന ഭംഗി കൊണ്ട് സദസ്സിന്റെ മനംകവർന്ന പ്രകടനം ഓണം വാരാഘോഷത്തിലെ പ്രധാന ആകർഷണമായി മാറി.

ഭരതനാട്യത്തിലെ പുരാതന ആവിഷ്കാര രീതിയായ ‘മല്ലരി’യിലാണ് ശോഭനയും സംഘവും നൃത്തം ആരംഭിച്ചത്. തുടർന്ന് കാളി കവചം, അനന്ത നർത്തന ഗണപതി, ലളിതലവംഗ, അലർഷ പരിതാപം, അഷ്ടപദി, തില്ലാന, അന്നപൂർണ്ണ അഷ്ടകം എന്നീ നൃത്താവിഷ്കാരങ്ങൾ സംഘം വേദിയിൽ ഭംഗിയായി അവതരിപ്പിച്ചു.

സ്വാതിതിരുനാളിന്റെ ശൃംഗാര പദത്തിന്റെ അവതരണവും, അധർമ്മത്തെ തുരത്തി ധർമ്മത്തെ രക്ഷിക്കാനായുള്ള മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ മത്സ്യ, കൂർമ്മ, വരാഹ അവതാരങ്ങളുടെ ആവിഷ്കാരവും കാണികളുടെ നിറഞ്ഞ കയ്യടി നേടി. ശോഭന ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘമാണ് വിസ്മയകരമായ നൃത്തവിരുന്ന് സമ്മാനിച്ചത്.

ചടങ്ങിൽ ടൂറിസം-സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, പത്മഭൂഷൺ ശോഭനയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒപ്പം ഓണം വാരാഘോഷ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന പ്രിയ നടൻ കുഞ്ചാക്കോ ബോബനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *