മാലിന്യസംസ്‌കരണം നാളെയുടെ ജീവിതത്തിനായുള്ള പോരാട്ടം: മന്ത്രി കെ. എം. ഷാജി

മുട്ടത്തറയിൽ അത്യാധുനിക ആർ.ഡി.എഫ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു; പ്രതിദിനം 100 ടൺ മാലിന്യം സംസ്കരിക്കും

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നതോടെ ഉത്തരവാദിത്തം അവസാനിച്ചെന്ന പൊതുജന മനോഭാവത്തിൽ മാറ്റം വരണമെന്നും മാലിന്യസംസ്‌കരണം കേവലമൊരു ഫാക്ടറി പ്രവർത്തനമല്ല, മറിച്ച് നാളെയുടെ ജീവിതത്തിനായുള്ള പോരാട്ടമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി വ്യക്തമാക്കി. മുട്ടത്തറയിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ അത്യാധുനിക ആർ.ഡി.എഫ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യത്തെ വലിച്ചെറിയേണ്ട ഒന്നായി കാണാതെ മൂല്യമുള്ള വിഭവമായി കാണുന്ന സംസ്‌കാരത്തിലേക്ക് നാട് മാറിക്കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിലേക്ക് ആഴ്ന്നിറങ്ങി കുടിവെള്ള സ്രോതസ്സുകളെയും ജൈവവൈവിധ്യത്തെയും നശിപ്പിക്കുന്നത് തടയാനും ഭൂമിയെ സംരക്ഷിക്കാനുമുള്ള വലിയൊരു ദൗത്യമാണ് ഇത്തരം പദ്ധതികൾ. മാലിന്യങ്ങൾ പൂർണമായും സംസ്‌കരിച്ച് നാടിനെ സീറോ വേസ്റ്റ് ലക്ഷ്യത്തിലേക്ക് നയിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച ‘നിർമ്മലം’ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. വീടുകളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ വേർതിരിച്ചു വെക്കാൻ ശീലിക്കണമെന്നും, നാടിന്റെ കാവലാളായി പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് കൃത്യമായി വേർതിരിച്ച മാലിന്യങ്ങൾ കൈമാറാൻ പൊതുജനങ്ങൾ തയാറാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

തമിഴ്‌നാട് മാതൃകയിൽ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പി.പി.പി) അടിസ്ഥാനത്തിൽ ക്ലീൻ കേരള കമ്പനിയും ഉദയശ്രീ എന്റർപ്രൈസസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് നാല് പ്ലാന്റുകൾ പൂർത്തിയാകുന്നതോടെ പ്രതിദിനം 500 മെട്രിക് ടണ്ണിലധികം അജൈവ മാലിന്യങ്ങൾ സംസ്കരിച്ച് സിമന്റ് ഫാക്ടറികൾക്കുള്ള ഉയർന്ന ഇന്ധനമാക്കി മാറ്റാൻ സാധിക്കും. നിലവിൽ എറണാകുളത്തെ പ്ലാന്റിൽ 200 ടണും പാലക്കാട് 100 ടണും മാലിന്യമാണ് പ്രതിദിനം സംസ്കരിക്കുന്നത്. കണ്ണൂരിലെ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

പ്രതിദിനം 100 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് മുട്ടത്തറയിലെ പുതിയ പ്ലാന്റ്. ഇവിടെയെത്തുന്ന മാലിന്യങ്ങളെ ശാസ്ത്രീയമായി പൊടിച്ച് 50-70 മില്ലിമീറ്റർ കഷണങ്ങളാക്കുകയും, അഡ്വാൻസ്ഡ് ബെയ്ലിങ് മെഷീനുകൾ വഴി മണിക്കൂറിൽ 7-9 ടൺ മാലിന്യം 500-700 കിലോഗ്രാം ഭാരമുള്ള ക്യൂബ് പാക്കുകളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ദുർഗന്ധമോ വായു-ജല മലിനീകരണമോ ഉണ്ടാകാത്ത വിധത്തിൽ ഒരുക്കിയിട്ടുള്ള പ്ലാന്റിൽ അത്യാധുനിക ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങളും തത്സമയ ഗുണനിലവാര പരിശോധനയ്ക്കായി ക്വാളിറ്റി കൺട്രോൾ ലാബും പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *