ഇടുക്കി: ജില്ലയില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വീകരിച്ച നടപടികളെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും പൊതുഗതാഗതത്തിന് തടസ്സമാകുന്ന തരത്തിലുള്ള യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബര്‍ 28-ന് മൂന്നാര്‍, പീരുമേട്, ഉടുമ്പന്‍ചോല പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് അയച്ച കത്ത് ഒരു ഉത്തരവല്ലെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങള്‍ക്കുള്ളില്‍ വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിനും തൊഴിലാളികളെയും ഉടമകളെയും ബോധവല്‍ക്കരിക്കുന്നതിനുമുള്ള നിര്‍ദ്ദേശം മാത്രമാണിത്. രാത്രികാലങ്ങളിലും വെളിച്ചക്കുറവുള്ള സമയങ്ങളിലും തോട്ടങ്ങളില്‍ പതിയിരിക്കുന്ന വന്യജീവികളുടെ ആക്രമണത്തില്‍നിന്ന് ആളുകളുടെ ജീവന്‍ രക്ഷിക്കാനാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
ജില്ലയിലൊരിടത്തും രാത്രി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുമ്പോഴുള്ള മുന്നറിയിപ്പുകളും വന്യജീവികള്‍ ജനവാസമേഖലയില്‍ ഇറങ്ങുമ്പോള്‍ വനംവകുപ്പും റാപ്പിഡ് റെസ്പോണ്‍സ് ടീമും നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി. വനംവകുപ്പ് കണ്ടെത്തിയിട്ടുള്ള സംഘര്‍ഷ മേഖലകളില്‍ (ഹോട്ട്സ്പോട്ട്) മുന്നറിയിപ്പുകള്‍ തോട്ടം മേഖലയിലെ ജനങ്ങളിലേക്ക് എത്തിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കാനും പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ നടപടി സ്വീകരിക്കണം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജില്ലയില്‍ വന്യജീവി ആക്രമണങ്ങളില്‍ 81 പേര്‍ മരണപ്പെടുകയും 486 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാട്ടാനകളുടെ സഞ്ചാരപാതയിലെ അനധികൃത നിര്‍മിതികള്‍, മരങ്ങളില്‍ കെട്ടിയ സ്റ്റീല്‍ റോപ്പുകള്‍, വേലികള്‍ എന്നിവ നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. ഇത്തരം തടസ്സങ്ങളാണ് ആനകളെ ജനവാസ മേഖലയിലേക്ക് തിരിച്ചുവിടുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നതും. ഈ നടപടി പട്ടയഭൂമിയിലെ കര്‍ഷകരെ ബാധിക്കില്ല. സര്‍ക്കാര്‍-വനഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയും റിസോര്‍ട്ടുകളില്‍ ആനകളെ ആകര്‍ഷിക്കാന്‍ ഉപ്പ് വെക്കുന്നതുപോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമാണ് കര്‍ശന നടപടി. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

