ന്യൂഡൽഹി: അറസ്റ്റിന് സാധ്യതയുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടി വിദ്യാർഥി നേതാവായ ഐഷി ഘോഷ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രനാണ് ഐഷിക്കുവേണ്ടി ഹർജി സമർപ്പിച്ചത്.
സമീപകാലത്ത് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നെങ്കിലും, നിലവിലെ പൊലീസ് നടപടി ആ സമരങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള പഴയ ഒരു കേസിലാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് ഹർജിയിലെ വാദം.
കഴിഞ്ഞ ദിവസം ഡൽഹിയിലെ സി.പി.എം. കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി. ഭവനിലെത്തി ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസ് ശ്രമിച്ചെങ്കിലും, പാർട്ടി നേതാക്കളുടെയും അഭിഭാഷകരുടെയും എതിർപ്പിനെ തുടർന്ന് നടപടി തുടരാനായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് രാത്രി സാധാരണ വേഷത്തിലെത്തിയ പൊലീസ് സംഘം ഐഷിയുടെ താമസം, എ.കെ.ജി. ഭവനിലെ സന്ദർശനം, നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയെക്കുറിച്ച് സുരക്ഷാ ജീവനക്കാരോട് വിവരങ്ങൾ ശേഖരിച്ചതായും റിപ്പോർട്ടുണ്ട്.

