ഒമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമം; തിരുവനന്തപുരം മൃഗശാലയ്ക്ക് ഓണസമ്മാനമായി ഗുജറാത്തിൽ നിന്ന് മൂന്ന് സീബ്രകളെത്തി

തിരുവനന്തപുരം: ഒമ്പത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് വീണ്ടും രാജകീയ പ്രൗഢിയോടെ സീബ്രകളെത്തി. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്നാണ് മൂന്ന് വയസ്സ് പ്രായമുള്ള രണ്ട് പെൺസീബ്രകളെയും അഞ്ച് വയസ്സുള്ള ഒരു ആൺസീബ്രയെയും മൃഗശാലയിലെത്തിച്ചത്. സന്ദർശകർക്കായി തുറന്നു നൽകിയ പുതിയ അതിഥികളുടെ വരവ് ഓണസമ്മാനമാണെന്ന് ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സീബ്രകളെ കാണുന്നതിനുള്ള കവാടം സന്ദർശകർക്കായി തുറന്നുകൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്ക് ശേഷം സീബ്രകളെ വീണ്ടും എത്തിക്കാനായത് ഏറെ സന്തോഷകരമാണെന്നും ഓണാവധിക്കാലത്ത് മൃഗശാലയിലെത്തുന്നവർക്ക് ഇത് മികച്ചൊരു ദൃശ്യവിരുന്നാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടര ദിവസത്തെ ദീർഘദൂര റോഡ് യാത്രയ്‌ക്കൊടുവിൽ പ്രത്യേക അനിമൽ ആംബുലൻസിലാണ് ഇവയെ തലസ്ഥാനത്തെത്തിച്ചത്. വൻതാരയിലെ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള 13 അംഗ വിദഗ്ധ സംഘമാണ് യാത്രയിലുടനീളം മൃഗങ്ങളെ അനുഗമിച്ചത്. കേരള അതിർത്തി മുതൽ സുഗമമായ യാത്ര ഉറപ്പാക്കാൻ പോലീസ് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയും ഒരുക്കിയിരുന്നു. ഇന്ന് പുലർച്ചെ 5.15-ഓടെയാണ് സംഘം മൃഗശാലയിൽ എത്തിയത്.

2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നെത്തിച്ച ‘സീത’ എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. മൃഗശാല കാണാനെത്തുന്ന കുട്ടികളുടെ നിരന്തരമായ ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും പുതിയ അതിഥികൾക്ക് പേരിടുന്നതടക്കമുള്ള നടപടികൾ ആലോചനയിലാണെന്നും മൃഗശാല സൂപ്രണ്ട് ടി.വി. അനിൽ കുമാർ അറിയിച്ചു. ദീർഘയാത്രയുടെ ചെറിയ ക്ഷീണം മാറ്റിനിർത്തിയാൽ സീബ്രകൾ പൂർണ്ണ ആരോഗ്യവാന്മാരാണെന്നും, സന്ദർശകർക്ക് ഇവയെ കാണുന്നതിന് തടസ്സമുണ്ടാകാത്ത വിധം 21 ദിവസത്തെ തുറന്ന ക്വാറന്റൈൻ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ വ്യക്തമാക്കി.

പുതിയ അതിഥികൾക്കായി രണ്ടാഴ്ചത്തേക്കുള്ള ‘തിമോത്തി ഗ്രാസ്’ എന്ന ഹൈബ്രിഡ് പുല്ലും വൻതാരയിൽ നിന്ന് ഒപ്പം എത്തിച്ചിട്ടുണ്ട്. ക്രമേണ ഇവിടുത്തെ വൈക്കോലും ഇതിനൊപ്പം നൽകി പുതിയ ഭക്ഷണരീതിയുമായി ഇവയെ ഇണക്കിയെടുക്കും. സീബ്രകളെ നൽകിയതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *