ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ട്രംപ്; വോട്ടർ ഐഡി നിർബന്ധമാക്കണമെന്ന് ആവശ്യം

വാഷിങ്ടൺ: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ കൂടുതൽ കർശനമായ തിരഞ്ഞെടുപ്പ് നിയമങ്ങൾ നടപ്പാക്കണമെന്ന ആവശ്യത്തിന് പിന്തുണ തേടുന്നതിനിടെയാണ് ട്രംപ് ഇന്ത്യയിലെ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

അമേരിക്കയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമല്ലാത്തതിനെക്കുറിച്ച് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംശയം പ്രകടിപ്പിച്ചതായും ട്രംപ് പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ചുള്ള പരാമർശങ്ങൾ തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലായിരുന്നു.

ഇന്ത്യയിലെ അവസാന പൊതുതെരഞ്ഞെടുപ്പിൽ ഏകദേശം 64.6 കോടി പേർ വോട്ട് രേഖപ്പെടുത്തിയെന്നും ഇതിൽ ഒരു ശതമാനത്തിൽ താഴെ പേർ മാത്രമാണ് തപാൽവോട്ട് ചെയ്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വോട്ട് ചെയ്ത ഓരോ പൗരനും ഫോട്ടോ തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയിൽ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുന്നതിനായി ‘സേവ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി ആക്ട്’ (SAVE America Act) ഉടൻ പാസാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വോട്ടർ രജിസ്ട്രേഷനു പൗരത്വം തെളിയിക്കുന്ന രേഖ നിർബന്ധമാക്കുക, രാജ്യവ്യാപകമായി വോട്ടർ ഐഡി നിർബന്ധമാക്കുക, തപാൽവോട്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് ബില്ലിലുള്ളത്.

ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശത്തിന് പിന്നാലെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും ശക്തിയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *