പൊതുഫണ്ട് വിനിയോഗവും സ്ത്രീ സുരക്ഷയും; വിക്ടോറിയൻ സർക്കാരിന്റെ ഗ്രാന്റ് തീരുമാനത്തിനെതിരെ മെൽബണിൽ വിവാദം പുകയുന്നു

മെൽബൺ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്ന തരത്തിൽ പ്രസംഗിച്ച മതനേതാവിന്റെ സംഘടനയ്ക്ക് വിക്ടോറിയൻ ലേബർ സർക്കാർ 600,000 ഡോളറിലധികം (ഏകദേശം മൂന്നരക്കോടിയിലധികം ഇന്ത്യൻ രൂപ) ഫണ്ട് വാഗ്ദാനം ചെയ്തത് വിക്ടോറിയയിൽ പുതിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. വിക്ടോറിയൻ എം.പി ജെസ് വിൽസൺ പുറത്തുവിട്ട വീഡിയോയിലൂടെയും പ്രമുഖ മാധ്യമമായ ‘ഹെറാൾഡ് സൺ’ റിപ്പോർട്ടിലൂടെയുമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

ഭാര്യമാരെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും ഭർത്താക്കന്മാർക്ക് അവകാശമുണ്ടെന്ന തരത്തിൽ മെൽബണിലെ ഒരു ഇമാം പ്രസംഗിച്ചതായി ‘ഹെറാൾഡ് സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ ഗുരുതരമായ നിലപാടുകളുള്ള വ്യക്തി നേതൃത്വം നൽകുന്ന സംഘടനയ്ക്ക് പൊതുഖജനാവിൽ നിന്നും 600,000 ഡോളറിലധികം നൽകാൻ സർക്കാർ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ഇക്കാര്യത്തിൽ വിക്ടോറിയൻ മന്ത്രി ബെൻ കരോളിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജെസ് വിൽസൺ എം.പി ആരോപിച്ചു. തങ്ങൾ അധികാരത്തിൽ വന്നാൽ ഇത്തരം സംഘടനകൾക്ക് പൊതുഫണ്ടിൽ നിന്നും ഒരു ചില്ലിക്കാശ് പോലും നൽകില്ലെന്നും ജെസ് വിൽസൺ വ്യക്തമാക്കിയിട്ടുണ്ട്.

നികുതിദായകരുടെ പണമാണ് സർക്കാർ വിവിധ സംഘടനകൾക്ക് ഗ്രാന്റുകളായി നൽകുന്നത് എന്നതിനാൽ ഓസ്‌ട്രേലിയയിലെ പ്രവാസി സമൂഹവും മലയാളികളും വിഷയത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഓസ്‌ട്രേലിയൻ നിയമവ്യവസ്ഥയ്ക്കും സ്ത്രീകളുടെ അന്തസ്സിനും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് പൊതുപണം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന വിമർശനം ശക്തമാണ്. കുടുംബമൂല്യങ്ങൾക്കും സ്ത്രീ സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകുന്ന പ്രവാസി സമൂഹം, നികുതിപ്പണം എങ്ങനെയാണ് ചെലവഴിക്കപ്പെടുന്നതെന്നും ജനപ്രതിനിധികൾ സ്വീകരിക്കുന്ന നിലപാടുകൾ എന്താണെന്നും വരും തിരഞ്ഞെടുപ്പുകളിലും പൊതുചർച്ചകളിലും ഗൗരവമായി വിലയിരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *