വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി വെനസ്വേലൻ സ്വദേശി അറസ്റ്റിൽ; ട്രംപിനെ വധിക്കാൻ എത്തിയതെന്ന് മൊഴി

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാനുള്ള ലക്ഷ്യത്തോടെ തോക്കുകളും വെടിയുണ്ടകളുമായി വൈറ്റ് ഹൗസിന് സമീപമെത്തിയ വെനസ്വേലൻ സ്വദേശിയെ യുഎസ് സീക്രട്ട് സർവീസ് അറസ്റ്റ് ചെയ്തു. റോണി യോർഡ്രിക്സ് ഗ്വാനിപ്പ ക്രിനോസ് (Ronny Yordrix Guanipa Chrinos) എന്നയാളാണ് പിടിയിലായത്. തലയ്ക്കുള്ളിൽ ചില ശബ്ദങ്ങൾ കേട്ട് ട്രംപിനെ വധിക്കാനായി വാഷിങ്ടണിലെത്തിയതാണെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അറിയിച്ചത്.

നവംബർ അഞ്ചിന് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വൈറ്റ് ഹൗസിന് സമീപമുള്ള കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തിയതിനെത്തുടർന്നാണ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വാഹനം മോഷണം പോയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാഹനത്തിൽ ആയുധങ്ങളുണ്ടെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തി. എആർ-15 വിഭാഗത്തിൽപ്പെട്ട റൈഫിൾ, മാക്-10 പിസ്റ്റൾ, ഗ്ലോക്ക് 43എക്സ് പിസ്റ്റൾ എന്നിവയാണ് പിടിച്ചെടുത്തത്.

ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചതിനും കൊണ്ടുപോയതിനും രജിസ്റ്റർ ചെയ്യാത്ത തോക്കുകളും വെടിയുണ്ടകളും സൂക്ഷിച്ചതിനും ലൈസൻസില്ലാതെ പിസ്റ്റൾ കൈവശം വച്ചതിനും മോഷ്ടിച്ച വാഹനം ഉപയോഗിച്ചതിനുമടക്കം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. യുഎസ് മാർഷൽസ് സർവീസിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളതെന്ന് അധികൃതർ അറിയിച്ചു.

2024 മാർച്ചിൽ ടെക്സസ് അതിർത്തി വഴി അനധികൃതമായി യുഎസിൽ പ്രവേശിച്ചയാളാണ് ക്രിനോസ് എന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം. യുഎസ് അതിർത്തി സംരക്ഷണ സേന ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

സംഭവം വേഗത്തിൽ കൈകാര്യം ചെയ്ത് അപകടസാധ്യത ഒഴിവാക്കിയ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ അഭിനന്ദിച്ചു. ഉദ്യോഗസ്ഥരുടെ പരിശീലനവും പരിചയസമ്പത്തുമാണ് അപകടകരമായ സാഹചര്യം നിയന്ത്രിക്കാൻ സഹായിച്ചതെന്ന് സീക്രട്ട് സർവീസ് ഡയറക്ടർ ഷോൺ കുറാനും പ്രതികരിച്ചു.

ട്രംപിനും കുടുംബാംഗങ്ങൾക്കുമെതിരായ വധഭീഷണികളുമായി ബന്ധപ്പെട്ട് സമീപകാലത്ത് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *