പാലക്കാട്: പാചക എണ്ണയുടെ അശാസ്ത്രീയമായ പുനരുപയോഗം തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന നടത്തി. വൈകുന്നേരങ്ങളിൽ സജീവമാകുന്ന തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ, എണ്ണക്കടികൾ വറുത്തുവിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.
‘ടി.പി.സി. മീറ്റർ ഉപയോഗിച്ച് എണ്ണയുടെ ഗുണനിലവാരം പരിശോധിച്ചതിൽ പുനരുപയോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയ 35 ലിറ്റർ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയ 25 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എ. രേഖ അറിയിച്ചു.
പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിലെ 179 സ്ഥാപനങ്ങളിൽ മൊബൈൽ ലബോറട്ടറിയുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി ജില്ലയിലുടനീളം വരുംദിവസങ്ങളിലും ഇത്തരം മിന്നൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി.

