കാനഡയിൽ ഇന്ത്യൻ വംശജയായ 78കാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു

ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ 78കാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു. വൈകുന്നേരം നടക്കാനിറങ്ങിയ സ്ത്രീയെ സമീപിച്ച യുവതി കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുപോലെ പെരുമാറിയ ശേഷമാണ് ആഭരണങ്ങൾ കവർന്നതെന്ന് പൊലീസ് റിപ്പോർട്ടിനെ ഉദ്ധരിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സംഭവം ജൂലൈ 28നാണ് നടന്നത്.

നടപ്പാതയിലൂടെ പോകുകയായിരുന്ന സ്ത്രീയുടെ സമീപത്ത് വെള്ള നിറത്തിലുള്ള എസ്‌യുവി നിർത്തിയ ശേഷം അതിൽനിന്ന് യുവതി ഇറങ്ങി. സ്ത്രീയുടെ കാലിൽ തൊട്ടശേഷം ആലിംഗനം ചെയ്യുകയും ഇതിനിടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരിമാറ്റുകയുമായിരുന്നു. പകരം സമാനമായി തോന്നിക്കുന്ന വ്യാജ ആഭരണം ധരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വളകളും യുവതി കവർന്നതായി സ്ത്രീയുടെ മകൻ രാഘവേന്ദ്ര കുമാർ പറഞ്ഞു. ഏകദേശം 110 ഗ്രാം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് കുടുംബത്തിന്റെ കണക്ക്.

സംഭവത്തിനുശേഷം സ്ത്രീ ഏറെ പരിഭ്രാന്തയായെന്നും വീട്ടിലെത്തിയ ശേഷം കുറച്ചുസമയം സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്നും മകൻ പറഞ്ഞു. വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങളായതിനാൽ അവയ്ക്ക് കുടുംബത്തിന് വൈകാരിക പ്രാധാന്യമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പീൽ റീജിയണൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ യുവതിയെയും സംഭവവുമായി ബന്ധപ്പെട്ട വാഹനത്തെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. സമാന രീതിയിൽ നടന്ന മറ്റൊരു ആഭരണ മോഷണവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *