ബെൽഗ്രേഡ്: സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വൂചിച്ച് രാജിവച്ചു. ഒക്ടോബർ 25ന് നടക്കുന്ന ഇടക്കാല പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായാണ് പ്രസിഡന്റ് പദവി ഒഴിഞ്ഞത്. സെപ്റ്റംബർ 27ന് രാജിക്കത്ത് ഒപ്പിട്ട് സമർപ്പിച്ചതായി സെർബിയൻ സർക്കാർ അറിയിച്ചു.
പാർലമെന്റ് സ്പീക്കർ അന ബ്രനാബിച്ച് താൽക്കാലിക പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കും. വൂചിച്ചിന്റെ രാജിയോടെ 90 ദിവസത്തിനകം പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡിസംബർ അവസാനത്തോടെ നടത്തേണ്ടിവരുമെന്ന് വൂചിച്ച് അറിയിച്ചു.
നിലവിലെ ഭരണകക്ഷിയായ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയുടെ (എസ്എൻഎസ്) നേതൃത്വത്തിൽ ഒക്ടോബർ 25ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൂചിച്ച് പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കും. ഭരണഘടന പ്രകാരം മൂന്നാം തവണ പ്രസിഡന്റാകാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനം.
2024 നവംബറിൽ നോവി സാദ് റെയിൽവേ സ്റ്റേഷനിലെ മേൽക്കൂര തകർന്നുവീണ് 16 പേർ മരിച്ചതിനെ തുടർന്ന് സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായിരുന്നു. അഴിമതി, ഭരണത്തിലെ സുതാര്യതക്കുറവ് തുടങ്ങിയ വിഷയങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. സർക്കാർ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെ 49 പേർക്ക് പ്രസിഡന്റ് പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകിയതായും വൂചിച്ച് അറിയിച്ചു. ഇതിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട 23 പേരും ഉൾപ്പെടുന്നു.

