ബഹിരാകാശ നിലയത്തിന്റെ ‘മറിഞ്ഞുള്ള’ ദൃശ്യങ്ങൾ; വീഡിയോ പങ്കുവച്ച് അനിൽ മേനോൻ

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) ഭ്രമണപഥത്തിൽ ദിശ മാറ്റുന്ന ദൃശ്യങ്ങൾ പങ്കുവച്ച് നാസയുടെ ഇന്ത്യൻ വംശജനായ ബഹിരാകാശയാത്രികൻ അനിൽ മേനോൻ. സെപ്റ്റംബർ 25ന് നടത്തിയ ഭ്രമണപഥം ഉയർത്തുന്ന നടപടിക്കിടെയാണ് നിലയത്തിന്റെ ദിശ മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങളാണ് മേനോൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയർത്തുന്നതിനായി നോർത്ത്‌റോപ്പ് ഗ്രമ്മന്റെ സിഗ്നസ് എക്സ്എൽ പേടകം എൻജിനുകൾ പ്രവർത്തിപ്പിച്ചു. ഏകദേശം 18 മിനിറ്റ് നീണ്ട ഈ നടപടിയിലൂടെ നിലയത്തിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തി. തുടർന്ന് നിലയത്തെ വീണ്ടും പഴയ ദിശയിലേക്ക് തിരിക്കുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് അനിൽ മേനോൻ പകർത്തിയത്.

5,500 സ്റ്റിൽ ചിത്രങ്ങൾ ചേർത്താണ് വീഡിയോ തയാറാക്കിയതെന്ന് മേനോൻ വ്യക്തമാക്കി. ചിത്രങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ചലനം കൂടുതൽ വ്യക്തമായി കാണുന്നതിനായി ഫ്രെയിം റേറ്റ് കൂട്ടുകയും കുറയ്ക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

നിലയത്തിന്റെ ഭ്രമണപഥം ഉയർത്തുന്നതിനുള്ള നടപടി നാസയുടെ സ്പേസ്‌എക്സ് ക്രൂ-13 ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു. മേനോൻ നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 75 സംഘത്തിന്റെ ഭാഗമാണ്. 2026 ജൂലൈ 14ന് സോയൂസ് എംഎസ്-29 പേടകത്തിലാണ് അദ്ദേഹം ബഹിരാകാശ നിലയത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *