എരുമേലി: സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചിട്ടും കണ്ടെത്താനാകാതിരുന്ന മോഷണക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ സൂക്ഷ്മ നിരീക്ഷണം വഴിത്തിരിവായി. എരുമേലി എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനായ നസീബിന്റെ അവസരോചിതമായ ഇടപെടലിൽ മോഷണം പോയ ഇരുചക്രവാഹനം മണിക്കൂറുകൾക്കകം കണ്ടെത്തുകയും പ്രതിയെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ 28-ന് പൊൻകുന്നം സിവിൽ സ്റ്റേഷൻ വളപ്പിൽ നിന്നാണ് ഇരുചക്രവാഹനം മോഷണം പോയത്. സംഭവത്തിൽ വിവിധ ഇടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും വാഹനത്തെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനിടെ മോഷണം പോയ വാഹനത്തിന്റെ നമ്പർ മനസ്സിലാക്കി നസീബ് നിരത്തുകളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ വാഹനം ശ്രദ്ധയിൽപ്പെടുകയും നമ്പർ പരിശോധിച്ച് സ്ഥിരീകരിക്കുകയുമായിരുന്നു.
ഉടൻതന്നെ നസീബ് വിവരമറിയിച്ചതിനെ തുടർന്ന് ഉടമയും എക്സൈസ് ഉദ്യോഗസ്ഥനായ നിമേഷ് കെ.എസും സ്ഥലത്തെത്തി. ഇതിനിടെ നസീബ് സ്വന്തം ബൈക്കിൽ മോഷ്ടാവിനെ പിന്തുടരുകയും പോലീസിന് കൃത്യമായ വിവരങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് പോലീസെത്തി പ്രതിയെ തടഞ്ഞുവെച്ച് വാഹനം വീണ്ടെടുക്കുകയായിരുന്നു. സി.സി.ടി.വി.യിൽ പോലും ലഭിക്കാതിരുന്ന സൂചന കണ്ടെത്തി വാഹനം തിരികെ ലഭിക്കാൻ സഹായിച്ച നസീബിനും നിമേഷിനും ഒപ്പം അന്വേഷണത്തിന് പിന്തുണ നൽകിയ കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടോജോ, എരുമേലി റേഞ്ച് AEI (G) നജീബ്, IB AEI (G) റെജി കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള മുഴുവൻ സഹപ്രവർത്തകർക്കും വാഹന ഉടമ നന്ദി അറിയിച്ചു.

