വിക്ടോറിയന്‍ പ്രീമിയര്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജന്‍; 30 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി സമര്‍ പ്രതാപ് സിംഗ്

മെൽബൺ: വിക്ടോറിയൻ പ്രീമിയർ ക്രിക്കറ്റിന്റെ ഫസ്റ്റ് ഇലവൻ സീസണിൽ ചരിത്ര നേട്ടവുമായി 15-കാരനായ സമർ പ്രതാപ് സിംഗ്. പ്രഹ്റാൻ ക്ലബ്ബിനായി കളത്തിലിറങ്ങുന്നതോടെ, മുൻ ഓസ്‌ട്രേലിയൻ താരം മൈക്കൽ ക്ലിംഗർ 30 വർഷം മുമ്പ് സ്ഥാപിച്ച റെക്കോർഡിന് ശേഷം ക്ലബ്ബിന്റെ ഫസ്റ്റ് ഇലവനിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സമർ സ്വന്തമാക്കി. മെൽബണിലെ ജൂനിയർ ക്രിക്കറ്റ് തലത്തിൽ കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് 2026–27 സീസണിലെ ആദ്യ റൗണ്ടിൽ തന്നെ സമറിന് ടീമിൽ ഇടം നേടിക്കൊടുത്തത്.

നേരത്തെ ടാർനീറ്റ് സെൻട്രൽ ക്രിക്കറ്റ് ക്ലബ്ബ്, വെസ്റ്റേൺ റീജിയൺ ജൂനിയർ ക്രിക്കറ്റ് അസോസിയേഷൻ എന്നിവയിലൂടെ വളർന്നുവന്ന സമർ, കഴിഞ്ഞ സീസണിൽ യാരവില്ലെയ്ക്ക് വേണ്ടി കളിച്ചാണ് സീനിയർ ക്രിക്കറ്റിൽ പരിചയം നേടിയത്. 14-ാം വയസ്സിൽ തന്നെ യാരവില്ലെയുടെ ഫസ്റ്റ് ഇലവനിൽ താരം ഇടംപിടിച്ചിരുന്നു. ഡൗളിംഗ് ഷീൽഡ് ടൂർണമെന്റിൽ 21 വിക്കറ്റുകളും 208 റൺസും നേടി ടൂർണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായതാണ് ഫസ്റ്റ് ഇലവനിലേക്കുള്ള വഴി തുറന്നത്. ഫ്രാങ്ക്സ്റ്റൺ പെനിൻസുലയ്‌ക്കെതിരെ 35 പന്തിൽ 70 റൺസും നാല് വിക്കറ്റും വീഴ്ത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ദേശീയ അണ്ടർ-15 ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും സമറായിരുന്നു. തുടർന്ന് ജൂലൈയിൽ ക്രിക്കറ്റ് വിക്ടോറിയയുടെ 2026–27 സീസണിലേക്കുള്ള അണ്ടർ-17 എമർജിംഗ് പ്ലെയേഴ്സ് സ്ക്വാഡിലും താരം ഇടംപിടിച്ചു. വെറുമൊരു ഭാവിവാഗ്ദാനം എന്നതിലുപരി നിലവിലെ സ്ഥിരതയാർന്ന പ്രകടനമാണ് സമറിനെ ടീമിലെത്തിച്ചതെന്ന് പ്രഹ്റാൻ ക്രിക്കറ്റ് ഡയറക്ടർ നീൽ ഷ്ലിറ്റ്ലർ വ്യക്തമാക്കി. ഒക്ടോബർ മൂന്നിന് ആരംഭിച്ച ഏകദിന മത്സരങ്ങളോടെ മധ്യനിര ബാറ്ററായും മികച്ചൊരു ലെഗ് സ്പിന്നറായും താരം ക്ലബ്ബിന് കരുത്തുപകരും. ഗ്രാസ്റൂട്ട് തലത്തിലെ ക്രിക്കറ്റ് പ്രതിഭകൾക്ക് സമറിന്റെ വളർച്ച വലിയൊരു പ്രചോദനമാണെന്ന് വെസ്റ്റേൺ റീജിയൺ ജൂനിയർ ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *