സിഡ്നി: പ്രതികൂല കാലാവസ്ഥയും കനത്ത മഴയും അവഗണിച്ച് സിഡ്നിയിൽ നൂറുകണക്കിന് ഹിന്ദു വിശ്വാസികൾ പങ്കെടുത്ത 70 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര വിജയകരമായി പൂർത്തിയായി. ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന കാൽനട തീർത്ഥാടനത്തിലാണ് ഭക്തർ അണിനിരന്നത്.
മെയ്സ് ഹില്ലിലെ പ്രശസ്തമായ മുരുകൻ ക്ഷേത്രത്തിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. സിഡ്നി നഗരത്തിലെ മനോഹരമായ വീഥികളിലൂടെ സഞ്ചരിച്ച തീർത്ഥാടക സംഘം സ്ട്രാത്ത്ഫീൽഡിലെ സായിബാബ ക്ഷേത്രത്തിൽ ഇടത്താവളമൊരുക്കി വിശ്രമിച്ചു. തുടർന്ന് ഹെലൻസ്ബർഗിലെ പ്രസിദ്ധമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെയാണ് 70 കിലോമീറ്റർ നീണ്ട ഭക്തിനിർഭരമായ പദയാത്ര സമാപിച്ചത്. മഴയെപ്പോലും വകവെക്കാതെ ഒത്തുചേർന്ന വലിയ ജനപങ്കാളിത്തം ശ്രദ്ധേയമായി.

