സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഹണ്ടർ വാലി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വൻ ഓപ്പറേഷനിൽ ഏകദേശം 40 ലക്ഷം ഡോളർ (ഏകദേശം 22 കോടിയോളം രൂപ) വിപണിമൂല്യം വരുന്ന കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു നശിപ്പിച്ചു. ‘ഓപ്പറേഷൻ കേജസ്’ എന്ന പേരിൽ എൻ.എസ്.ഡബ്ല്യു പോലീസ് നടത്തിയ റെയ്ഡിൽ 1,465 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 36-ഉം 56-ഉം വയസ്സുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈയിൽ സെസ്നോക്കിലെ ഒരു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഹൈഡ്രോപോണിക്സ് രീതിയിൽ കഞ്ചാവ് കൃഷി ചെയ്യുന്നത് ആദ്യം കണ്ടെത്തിയത്. തുടർന്ന് ഡെൻമാൻ, മസ്വെൽബ്രൂക്ക്, സിംഗിൾട്ടൺ ഹൈറ്റ്സ് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും നൂറുകണക്കിന് കഞ്ചാവ് ചെടികൾ കൂടി കണ്ടെത്തുകയുമായിരുന്നു. കൃഷിക്കായി പ്രധാന വൈദ്യുതി ലൈനുകളിൽ നിന്ന് നിയമവിരുദ്ധമായി വൈദ്യുതി മോഷ്ടിച്ചാണ് പ്ലാന്റുകൾ പ്രവർത്തിപ്പിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.
വ്യാവസായിക അടിസ്ഥാനത്തിലുള്ള കഞ്ചാവ് കൃഷി, ലഹരിമരുന്ന് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ 36-കാരനെതിരെ വൈദ്യുതി മോഷണത്തിനും കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. ഇരുവരെയും നവംബർ 25-ന് ന്യൂകാസിൽ ലോക്കൽ കോടതിയിൽ വീണ്ടും ഹാജരാക്കും.

