അബുജ: തെക്കൻ നൈജീരിയയിലെ ഒണ്ടോ സംസ്ഥാനത്ത് സൈനിക വിമാനം തകർന്നുവീണ് 32 പേർ മരിച്ചു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന് നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു സ്ഥിരീകരിച്ചു.
എഡോ സംസ്ഥാനത്തെ ബെനിൻ സിറ്റിയിൽനിന്ന് ലാഗോസിലേക്ക് പതിവ് ദൗത്യത്തിന്റെ ഭാഗമായി പറന്ന നൈജീരിയൻ വ്യോമസേനയുടെ ATR-42 വിമാനമാണ് ഒണ്ടോയിലെ ഇഗ്ബോക്കോഡ മേഖലയിൽ തകർന്നത്. പ്രാദേശിക സമയം രാവിലെ ഒമ്പതോടെ വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് നാവികസേനാ താവളത്തിന് സമീപത്തുനിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
അപകടത്തിന്റെ കാരണം കണ്ടെത്താൻ നൈജീരിയൻ വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിൽ മരിച്ച വ്യോമസേനാംഗങ്ങളെ ആദരിക്കുന്നതിനായി പ്രസിഡന്റ് ടിനുബു രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും നിർദേശിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ട വിമാനം നിരീക്ഷണ, രഹസ്യാന്വേഷണ, സമുദ്ര പട്രോളിംഗ് ദൗത്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ATR-42 വിമാനമായിരുന്നുവെന്നാണ് നൈജീരിയൻ വ്യോമസേന വ്യക്തമാക്കിയത്.

