തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം എംപിമാരുടെ മാർച്ച് ഇന്ന്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചും ഇന്ത്യ സഖ്യം എംപിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. രാവിലെ 10.30ന് പാർലമെന്റ് സമുച്ചയത്തിലെ മകരദ്വാറിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.

പാർലമെന്റിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവചൻ സദനിലേക്കാണ് മാർച്ച്. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളും എംപിമാരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, സഖ്യത്തിന്റെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടി (എഎപി) മാർച്ചിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

SIR നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളാണ് പ്രതിഷേധത്തിന്റെ പ്രധാന വിഷയം. വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളിലും ഫോം 6-ലെ മാറ്റങ്ങളിലുമാണ് പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിൽ അനധികൃതമായ മാറ്റങ്ങളെന്ന ആരോപണങ്ങൾ തള്ളിയിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ സുപ്രീംകോടതിയും ഇടപെട്ടിട്ടുണ്ട്. ആരോപണങ്ങൾ പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകിയ കോടതി, മാധ്യമ റിപ്പോർട്ടുകളുടെ മാത്രം അടിസ്ഥാനത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *