പരുമല പെരുന്നാൾ; ക്രമീകരണങ്ങൾ അവലോകനം ചെയ്തു, തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രിയുടെ നിർദേശം

പരുമല: ഒക്ടോബർ 26 മുതൽ നവംബർ 2 വരെ നടക്കുന്ന പരുമല പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ തലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ അവലോകനം ചെയ്തു. പരുമല പള്ളി സെമിനാരി ഹാളിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ വിവിധ വകുപ്പുകൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പത്തനംതിട്ട, ആലപ്പുഴ ജില്ലാ പോലീസ് വിഭാഗങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കും. ഇതിനായി പ്രത്യേക കൺട്രോൾ റൂം തുറക്കും. പരുമലയും പരിസര പ്രദേശങ്ങളും 10 സെക്ടറുകളായി തിരിച്ച് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പോലീസ് വിന്യാസവും പ്രത്യേക പട്രോളിങ്ങും ഏർപ്പെടുത്തും. ആരോഗ്യ-ആയുഷ് വകുപ്പുകളുടെ സംയുക്ത സേവനം ലഭ്യമാക്കും. ചെങ്ങന്നൂർ, തിരുവല്ല താലൂക്ക് ആശുപത്രികളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം കാൽനടയായി എത്തുന്ന തീർഥാടകർക്കായി പള്ളിക്ക് സമീപം ആയുഷ് വകുപ്പിന്റെ ഒ.പി. വിഭാഗം പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുമെന്നും എക്സൈസ് സംഘം കർശന പരിശോധന ഉറപ്പാക്കുമെന്നും യോഗത്തിൽ അറിയിച്ചു.

പരുമല പാലത്തിന്റെ നടപ്പാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും ഉപദേശിക്കടവ് പാലത്തിൽ കെ.എസ്.ഇ.ബി താൽക്കാലിക തെരുവ് വിളക്കുകൾ സ്ഥാപിക്കാനും മന്ത്രി നിർദ്ദേശം നൽകി. കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പും, സുരക്ഷാ ഓഡിറ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ഉറപ്പാക്കണം. റോഡുകളുടെയും പാലങ്ങളുടെയും വശങ്ങളിലെ കാടുകൾ പൊതുമരാമത്ത് വകുപ്പ് വെട്ടിത്തെളിക്കും.

പെരുന്നാൾ മുന്നൊരുക്കങ്ങളുടെ പൊതുവായ ഏകോപന ചുമതല തിരുവല്ല സബ് കളക്ടർ നിർവഹിക്കും. ചെങ്ങന്നൂർ ഭാഗത്തെ പ്രവർത്തനങ്ങളുടെ ചുമതല ആലപ്പുഴ എ.ഡി.എമ്മിനും ചെങ്ങന്നൂർ ആർ.ഡി.ഒയ്ക്കുമായിരിക്കും. ഒരാഴ്ചയ്ക്ക് ശേഷം പ്രവർത്തന പുരോഗതി വീണ്ടും വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ എം.എൽ.എമാരായ വർഗീസ് മാമൻ, സജി ചെറിയാൻ, പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എ. വിജയൻ, ആലപ്പുഴ എ.ഡി.എം പ്രേംജി, ചെങ്ങന്നൂർ ആർ.ഡി.ഒ ഷീബ മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി ആർ. പണിക്കർ (കടപ്ര), ബി. കെ. പ്രസാദ് (മാന്നാർ), ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *