തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടി. നാലു വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ നിരണം കിഴക്കുംഭാഗം ആശാൻ കുടി പുതുവേൽ സജിത്ത് (32) ആണ് പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്നതിനിടെ വീണ്ടും പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ രണ്ടാം ആഴ്ചയിലാണ് ഇയാൾ നാലു വയസ്സു മാത്രം പ്രായമുള്ള കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബീഡി കൊണ്ട് പൊള്ളിക്കുകയും കമ്പുകൊണ്ട് പുറത്ത് അടിക്കുകയും ചെയ്തിരുന്നു. ഭയം കാരണം കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ബന്ധുക്കൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടർന്ന് ഒക്ടോബർ 9 വെള്ളിയാഴ്ച പുളിക്കീഴ് പോലീസ് കേസെടുക്കുകയും തൊട്ടടുത്ത ദിവസം തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ശനിയാഴ്ച രാത്രി ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോവുകയായിരുന്നു. ഇതോടെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി സന്തോഷ് കുമാർ പി. ആറിന്റെ നേതൃത്വത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
രണ്ടുദിവസം നീണ്ട തെരച്ചിലിനൊടുവിൽ ഇരതോട് ആശാൻകുടി കോളനിക്ക് സമീപം പ്രതി ഒളിവിൽ കഴിയുന്നതായി പോലീസ് കണ്ടെത്തി. പോലീസ് സംഘത്തെ കണ്ട പ്രതി കണ്ടത്തിലെ ചെളിയിൽ ആഴ്ന്നുകിടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ചെളിയിലെ കാൽപ്പാടുകൾ പിന്തുടർന്ന പോലീസ്, വെള്ളത്തിൽ ഇറങ്ങി നീന്തിച്ചെന്നാണ് ചെളിയിൽ പൂണ്ടുകിടന്നിരുന്ന പ്രതിയെ സാഹസികമായി പിടികൂടിയത്.
പുളിക്കീഴ് സബ് ഇൻസ്പെക്ടർ ധന്യ കെ. എസ്, എ.എസ്.ഐമാരായ അജികുമാർ, വിനോദ്, എസ്.സി.പി.ഒമാരായ ജീവൻദാസ്, മനോജ് കുമാർ, രെജു, ആരോമൽ, സി.പി.ഒമാരായ അനിൽകുമാർ, അരുൺ ദാസ്, രഞ്ജു കൃഷ്ണൻ, വിനീത്, രതീഷ്, ജസ്റ്റിൻ, ജിഷ്ണു, ധീരജ്, അതുൽ, നിതിൻ തോമസ്, രവി, ശ്രീജാ ഗോപിനാഥ്, ഗീതു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
പിടിയിലായ സജിത്തിനെ കൂടുതൽ ചോദ്യം ചെയ്യലിനായി തിരുവല്ല സർക്കിൾ ഓഫീസിലേക്ക് മാറ്റി. ഇയാളെ റിമാൻഡ് അപേക്ഷ സഹിതം കോടതിയിൽ ഹാജരാക്കും. പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ, സ്റ്റേഷനിലെ വധശ്രമ കേസ് ഉൾപ്പെടെ ആറോളം കേസുകളിലും റാന്നി പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

