ബസ്സിൽ നിന്നിറങ്ങിയ യുവാവ് കുത്തേറ്റ് മരിച്ചു; കൗമാരക്കാരനായി പട്രോളിംഗ് ശക്തമാക്കി പോലീസ്

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ ഗോസ്‌ഫോർഡിൽ ബസ്സിൽ നിന്നിറങ്ങിയ 22-കാരൻ കുത്തേറ്റ് മരിച്ചു. സെയ്ൻ റോബ്‌സൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 7.30-ഓടെ ഗോസ്‌ഫോർഡിലെ മാൻ സ്ട്രീറ്റിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സെയ്നിനെ ഉടൻ തന്നെ ഗോസ്‌ഫോർഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു കൗമാരക്കാരനുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന കൗമാരക്കാരനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സംഭവസ്ഥലത്തിന് സമീപം കൂടുതൽ തെരച്ചിൽ നടത്തുമെന്നും കേസ് അന്വേഷിക്കുന്ന ‘സ്ട്രൈക്ക് ഫോഴ്സ് വോലാറു’ തലവൻ സൂപ്രണ്ട് ജോബ്‌സൺ അറിയിച്ചു. നിരവധി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ദാരുണമായ ഈ സംഭവത്തെ തുടർന്ന് സെയ്ൻ റോബ്‌സന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ബന്ധുക്കൾ ‘ഗോ ഫണ്ട് മീ’ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തിയതായി ബന്ധുക്കൾ കുറിച്ചു. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *