കൊച്ചി: നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ)യിൽ ചേരുമെന്ന റിപ്പോർട്ടുകൾ. ബിജെപി വിട്ടതിന് പിന്നാലെയാണ് ടിവികെ നേതൃത്വം ദേവനുമായി ചർച്ച നടത്തിയത്. കേരളത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകണമെന്ന നിർദേശവും അദ്ദേഹത്തിന് മുന്നിൽവച്ചതായി റിപ്പോർട്ടുണ്ട്.
ചാലക്കുടിയിലെ ദേവന്റെ വസതിയിൽ ടിവികെ തമിഴ്നാട് ഘടകത്തിലെ രണ്ട് നേതാക്കൾ നടി പ്രിയങ്കയ്ക്കൊപ്പമെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ചെന്നൈയിലെ മുതിർന്ന നേതാക്കളും ദേവനുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഘടകം രൂപീകരിക്കാനാണ് ടിവികെ നീക്കം.
തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ടിവികെ നേതാവ് വിജയുമായി സെപ്റ്റംബർ 10ന് ശേഷം ദേവൻ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും പാർട്ടിയിൽ ചേരുന്നതും കേരള അധ്യക്ഷ പദവി ഏറ്റെടുക്കുന്നതും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. സെപ്റ്റംബർ 8 വരെ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച പിന്നീട് നടത്തുന്നതെന്നാണ് ദേവൻ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ടിവികെയിൽ ചേരാനുള്ള തീരുമാനം മുൻകൂട്ടി കണ്ടല്ല ബിജെപിയിൽനിന്ന് രാജിവച്ചതെന്ന് ദേവൻ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചതായി അദ്ദേഹം ഓഗസ്റ്റ് 16ന് പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്തമായ രാഷ്ട്രീയ പ്രവർത്തനരീതിയാണ് രാജിക്ക് കാരണമെന്ന് ദേവൻ വ്യക്തമാക്കിയിരുന്നു.

