കണ്ണൂർ: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിൽ കൊണ്ടുവരുമെന്നത് താൻ നൽകിയ വാക്കാണെന്നും അതിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ അഞ്ച് സ്ഥലങ്ങളുടെ നിർദേശങ്ങൾ ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. സംസ്ഥാന സർക്കാർ നിർദേശങ്ങൾ സമർപ്പിക്കുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിലെ കാർഷിക സർവകലാശാലയുടെ ഭൂമി ഉൾപ്പെടെ എയിംസിനായി പരിഗണിക്കാവുന്ന സ്ഥലങ്ങളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ കേരളം നിർദേശിച്ച ഒൻപത് സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് തൃശൂരിനെ ഒഴിവാക്കിയതിനെ അദ്ദേഹം രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചിരുന്നു. സാമ്പത്തികമായി പരിഗണിക്കുമ്പോൾ ആലപ്പുഴയും അനുയോജ്യമാണെന്നും തൃശൂരിൽ ആവശ്യമായ ശാന്തമായ അന്തരീക്ഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കേരളത്തിൽ എയിംസ് അനുവദിക്കുന്നത് നിലവിൽ കേന്ദ്രസർക്കാരിന്റെ മുൻഗണനയിലില്ലെന്ന് കേന്ദ്രം കേരള ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് പുതിയ പ്രതികരണം. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് എയിംസ് അനുവദിക്കുന്നതിൽ മുൻഗണനയെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നതിന്റെ പേരിൽ എയിംസിന് അയോഗ്യമാകുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

