കണ്ണൂർ: മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടം കണ്ണൂർ ചെമ്പേരി സ്വദേശിനി അനുമോൾ പയസിന്. ഓഗസ്റ്റ് എട്ടിന് അയർലൻഡിലെ ഡബ്ലിനിൽ നടന്ന സൗന്ദര്യമത്സരത്തിലാണ് അനുമോൾ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ‘റൺവേ ക്വീൻ’ എന്ന ഉപപദവിയും അനുമോളെ തേടിയെത്തി.
അയർലൻഡിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുകയാണ് അനുമോൾ. ചെമ്പേരിയിലെ കല്ലംപ്ലാക്കൽ പയസ്–മോളി ദമ്പതികളുടെ മകളാണ്. ബംഗളൂരുവിലെ നിംഹാൻസിൽനിന്ന് ബി.എസ്.സി നഴ്സിങ് ബിരുദം നേടിയ ശേഷമാണ് അയർലൻഡിലെത്തി നഴ്സായി ജോലിയിൽ പ്രവേശിച്ചത്.
മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടവും റൺവേ ക്വീൻ പദവിയും തന്റെ പ്രധാന നേട്ടങ്ങളാണെന്ന് അനുമോൾ പ്രതികരിച്ചു. ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ആൻമരിയയാണ് സഹോദരി.
ഓഗസ്റ്റ് 16ന് രാത്രി 11.53ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ദീപിക ഈ വിവരങ്ങൾ പുറത്തുവിട്ടത്.

