പെർത്ത്: രണ്ട് ആദിവാസി യുവാക്കളെ ലൈതികമായി പീഡിപ്പിച്ച കേസിൽ മുൻ കത്തോലിക്കാ ബിഷപ്പ് ക്രിസ്റ്റഫർ അലൻ സോണ്ടേഴ്സ് (76) കുറ്റക്കാരനാണെന്ന് ഓസ്ട്രേലിയൻ കോടതി കണ്ടെത്തി. വെസ്റ്റ് ഓസ്ട്രേലിയൻ ഡിസ്ട്രിക്റ്റ് കോടതിയിലെ ജൂറി വിചാരണയ്ക്ക് ശേഷമാണ് 13 ലൈംഗികാതിക്രമ കേസുകളിൽ മുൻ ബിഷപ്പ് കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച ഉത്തരവിട്ടത്.
2008-നും 2019-നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനുമതിയില്ലാതെ ലൈംഗികമായി പീഡിപ്പിച്ച ഒരു കേസും 12 അനധികൃത ലൈംഗികാതിക്രമ കേസുകളുമാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. അതേസമയം ആറ് കേസുകളിൽ ഇയാളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
1996-ൽ ബ്രൂമിലെ രണ്ടാമത്തെ ബിഷപ്പായി ചുമതലയേറ്റ സോണ്ടേഴ്സ്, 13 സ്കൂളുകളുടെയും ഒമ്പത് ഇടവകകളുടെയും ചുമതല വഹിച്ചിരുന്നു. ലൈംഗിക പീഡന പരാതികൾ പരസ്യമായതിനെ തുടർന്ന് 2020-ൽ ഇയാൾ സ്ഥാനമൊഴിയുകയും തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പ രാജി സ്വീകരിക്കുകയുമായിരുന്നു.
പള്ളി വക വസ്തുവകകളിൽ മദ്യസൽക്കാരങ്ങൾ സംഘടിപ്പിച്ച് ആദിവാസി യുവാക്കളെ വിളിപ്പിച്ചു വരുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. സ്വാധീനവും അധികാരവും ഉപയോഗിച്ചാണ് സോണ്ടേഴ്സ് യുവാക്കളെ ചൂഷണം ചെയ്തത്.
അപ്പീൽ നൽകി കുറ്റവിമുക്തനാക്കപ്പെട്ടില്ലെങ്കിൽ, ലൈംഗികാതിക്രമ കേസിൽ ശിക്ഷിക്കപ്പെടുന്ന ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള കത്തോലിക്കാ വൈദികനായിരിക്കും സോണ്ടേഴ്സ്.

