ദാരിദ്ര്യവും പട്ടിണിമരണങ്ങളും: ഉഗാണ്ടയിൽ അടിയന്തര ഭക്ഷ്യസഹായ വിതരണം ആരംഭിച്ചു

കംപാല: കടുത്ത വരൾച്ചയെ തുടർന്ന് കിഴക്കൻ മേഖലയിൽ 19 പേർ പട്ടിണി മൂലം മരണപ്പെട്ടതോടെ ഉഗാണ്ടൻ സർക്കാർ അടിയന്തര ഭക്ഷ്യസഹായ വിതരണം ആരംഭിച്ചു. ഉഗാണ്ടയിലെ കരമോജ മേഖലയിലാണ് മഴ ലഭിക്കാത്തതിനെ തുടർന്ന് വിളകൾ പൂർണ്ണമായും നശിച്ച് അതിരൂക്ഷമായ ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും അനുഭവപ്പെടുന്നത്. മേഖലയിലെ 15 ലക്ഷത്തോളം ആളുകളെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചിരിക്കുന്നത്.

വിദേശ സഹായങ്ങൾ വെട്ടിക്കുറച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ പാർലമെന്റ് അനുവദിച്ച 45 ശതകോടി ഷില്ലിംഗ് (ഏകദേശം 9 ദശലക്ഷം പൗണ്ട്) ഉപയോഗിച്ചാണ് 9,400 ടൺ ആശ്വാസ ഭക്ഷണം സർക്കാർ സംഭരിച്ചത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇവ വിതരണം ചെയ്യും. കാബോങ് ജില്ലയിലെ ലോഡിക്കോയിൽ നടന്ന ചടങ്ങിൽ ദുരന്ത നിവാരണ, അഭയാർത്ഥി പുനരധിവാസ മന്ത്രി സാം എങ്കോള വിതരണോദ്ഘാടനം നിർവ്വഹിച്ചു. പട്ടിണി മൂലം ഇനി പ്രദേശത്ത് ആരും മരിക്കരുതെന്നും അർഹരായ എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രിൽ മാസത്തിന് ശേഷം ഈ മേഖലയിൽ മഴ ലഭിച്ചിട്ടില്ല. കൃഷി നശിച്ചതോടെ ജീവനോപാധി നഷ്ടപ്പെട്ട ജനങ്ങൾ കടുത്ത പ്രയാസത്തിലാണ് കഴിഞ്ഞ് കൂടുന്നത്. നൂറുകണക്കിന് കുട്ടികളാണ് രൂക്ഷമായ പോഷകാഹാരക്കുറവ് മൂലം ആശുപത്രികളിൽ ചികിത്സയിലുള്ളത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ദാരിദ്ര്യം എന്നിവയാണ് മേഖലയിലെ ആവർത്തിക്കുന്ന കടുത്ത വരൾച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നേരത്തെ യു.എസ്.എ.ഐ.ഡി (USAID) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ ഫണ്ട് വെട്ടിക്കുറച്ചതോടെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) പോലുള്ള സംഘടനകൾ ഇവിടുത്തെ സഹായങ്ങൾ വലിയ തോതിൽ പരിമിതപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉഗാണ്ടൻ സർക്കാർ നേരിട്ട് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. അടിയന്തര ഭക്ഷ്യവിതരണത്തിന് പുറമെ, വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തുകൾ അടുത്ത കൃഷി സീസണിൽ കർഷകർക്ക് നൽകി ദീർഘകാല പരിഹാരം കാണുമെന്നും കരമോജ കാര്യ മന്ത്രി ജോൺ ബാപ്റ്റിസ്റ്റ് ലോക്കി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *