വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വടക്കേ അമേരിക്കയിലും യൂറോപ്പിലും രൂക്ഷമായ കാട്ടുതീ. ആയിരക്കണക്കിന് വീടുകളും വനഭൂമിയും കത്തിനശിച്ചതോടെ പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാനഡയിലെ മഞ്ഞു മൂടിയ കാടുകളിൽ ആയിരത്തോളം പുതിയ കാട്ടുതീ ബാധകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ നിന്നുള്ള പുക കാനഡയിലെയും യു.എസിലെയും പ്രധാന നഗരങ്ങളെ വായുമലിനീകരണത്തിലാക്കി. കാനഡ അമേരിക്കൻ വായു മലിനമാക്കുകയാണെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
യു.എസിൽ വാഷിംഗ്ടൺ, ഈസ്റ്റേൺ ഒറിഗോൺ, ഐഡഹോ എന്നിവിടങ്ങളിൽ മിന്നലേറ്റുണ്ടായ കാട്ടുതീയെ തുടർന്ന് പുകപടലങ്ങൾ ഫ്ലോറിഡ വരെ എത്തിയേക്കാവുന്ന അവസ്ഥയിലാണ്. തുടർച്ചയായ ഉഷ്ണതരംഗം കാരണം വരണ്ട സസ്യജാലങ്ങളാണ് തീ വേഗത്തിൽ പടരാൻ കാരണമായത്. യൂറോപ്പിൽ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലാണ് വലിയ രീതിയിൽ തീ പടർന്നത്. സ്പെയിനിൽ മാത്രം രണ്ടര ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഐബീരിയൻ ഉപദ്വീപ് ഒന്നാകെ കടുത്ത കാലാവസ്ഥാ അടിയന്തരാവസ്ഥ നേരിടുകയാണെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.
കാട്ടുതീയിൽ നിന്നുള്ള സൂക്ഷ്മമായ പുകപടലങ്ങൾ ശ്വാസകോശ, ഹൃദ്രോഗ സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും, നൂറുകണക്കിന് മൈലുകൾ അകലെയുള്ള പ്രായമായവർക്ക് പോലും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പഠനം മുന്നറിയിപ്പ് നൽകുന്നു. മൂന്ന് വർഷം മുൻപ് ഹവായ് ദ്വീപ സമൂഹത്തിലെ മാവിയിലുണ്ടായ കാട്ടുതീയുടെ പ്രത്യാഘാതങ്ങൾ ആളുകളിൽ ഇന്നും നിലനിൽക്കുന്നതായി ഹവായ് സർവകലാശാലയുടെ പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. സമാനമായ രീതിയിൽ ഇപ്പോഴത്തെ കാട്ടുതീയുടെ ആഘാതവും വരും വർഷങ്ങളിൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

