വാഷിംഗ്ടൺ: ചൈനയിൽ നിന്നുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾക്കും പവർ ഇൻവെർട്ടറുകൾക്കും നിരോധനം ഏർപ്പെടുത്തി യു.എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC). ഇത്തരം സാങ്കേതികവിദ്യകൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യു.എസിൽ ചൈനീസ് സാങ്കേതികവിദ്യകളുടെ കടന്നുകയറ്റം തടയാൻ ട്രംപ് ഭരണകൂടം സ്വീകരിച്ചുപോരുന്ന കർശന നിലപാടുകളുടെ തുടർച്ചയായാണ് പുതിയ നീക്കം.
മനുഷ്യരൂപത്തിലുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾ, മൃഗങ്ങളുടെ രൂപത്തിലുള്ള നാൽക്കാലി റോബോട്ടുകൾ തുടങ്ങിയ ‘അഡ്വാൻസ്ഡ് റോബോട്ടിക് ഉപകരണങ്ങളെ’യാണ് നിരോധനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ പൗരന്മാരെ രഹസ്യമായി നിരീക്ഷിക്കാനും, വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ശേഷി വർദ്ധിപ്പിക്കാനും, വിദൂരത്തിരുന്ന് ദുരുപയോഗം ചെയ്യാനും ഈ റോബോട്ടുകൾ ശേഖരിക്കുന്ന ഡാറ്റ വഴിവെക്കുമെന്ന് വിജ്ഞാപനത്തിൽ എഫ്.സി.സി വ്യക്തമാക്കി. ഇതിന് പുറമെ, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങളെയും ഡാറ്റാ സെന്ററുകളെയും പവർ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന കണക്റ്റഡ് പവർ ഇൻവെർട്ടറുകളുടെ ഇറക്കുമതിയും തടഞ്ഞിട്ടുണ്ട്.
അമേരിക്കൻ നിർമ്മിത സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കാനും നിർമ്മാണ മേഖല രാജ്യത്തിനുള്ളിലേക്ക് തന്നെ മാറ്റാൻ കമ്പനികളെ പ്രേരിപ്പിക്കാനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. സാമ്പത്തിക സുരക്ഷയാണ് ദേശീയ സുരക്ഷയെന്നും സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പാക്കാനാണ് തീരുമാനമെന്നും ഭരണകൂട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, അമേരിക്കയുടെ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ചൈന രംഗത്തെത്തി. ചൈനീസ് കമ്പനികളെ വ്യാജ ആരോപണങ്ങളിലൂടെ തളർത്താനുള്ള ശ്രമത്തിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി ആവശ്യപ്പെട്ടു. അമേരിക്കയുടെ സാങ്കേതിക മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയവും പരിഭ്രാന്തിയുമാണ് ഇത്തരം യുക്തിരഹിതമായ നിരോധനങ്ങൾ ഏർപ്പെടുത്താൻ അവരെ പ്രേരിപ്പിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങളും പ്രതികരിച്ചു. നിലവിൽ വിപണിയിലിറങ്ങാത്ത പുതിയ മോഡലുകൾക്കാണ് നിരോധനമെങ്കിലും, മുൻപ് അനുമതി നൽകിയവയുടെ ലൈസൻസ് റദ്ദാക്കാനും എഫ്.സി.സിക്ക് അധികാരമുണ്ട്.

