തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നെന്ന കണ്ടെത്തലിൽ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലെ ഇന്റലിജൻസ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ജിഎസ്ടി കമ്മിഷണർ ചാർജ് മെമ്മോ നൽകിയത്.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ ഒരു റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പോൺസർമാരിൽനിന്ന് കൈമാറിയ തുകയ്ക്ക് ബാധകമായ നികുതി ഈടാക്കിയില്ലെന്നാണ് കണ്ടെത്തൽ.
ഇടപാടുമായി ബന്ധപ്പെട്ട് ഏകദേശം 22 കോടി രൂപ നികുതിയായി അടയ്ക്കേണ്ടതുണ്ടായിരുന്നുവെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ. നികുതി വെട്ടിപ്പ് കണ്ടെത്തിയശേഷം തുക പിരിച്ചെടുക്കുന്നതിനായി ആവശ്യമായ കർശന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.
നികുതി പിരിച്ചെടുക്കുന്നതിലുണ്ടായ വീഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായി പരിശോധിക്കുന്നത്. ചാർജ് മെമ്മോ നൽകിയത് ഇതിന്റെ ഭാഗമായാണ്.